കുന്നത്തങ്ങാടി സെന്ററില്‍ മൂന്നിടങ്ങളില്‍ മോഷണം; 18,000 രൂപ കവര്‍ന്നു

tcr-moshanamഅരിമ്പൂര്‍: കുന്നത്തങ്ങാടി സെന്ററില്‍ മൂന്നിടത്തായി നടന്ന മോഷണങ്ങളില്‍ പണം നഷ്്ടപ്പെട്ടു. വെളുത്തൂര്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, അരിമ്പൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം, സമീപത്തെ റേഷന്‍കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പോസ്റ്റ് ഓഫീസില്‍നിന്ന് 18,000 രൂപയോളം കവര്‍ന്നു. ആര്‍സി, എസ്ബി ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലേക്ക് അടച്ച പണമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ പൊളിച്ചാണ് കവര്‍ച്ച.

പാര്‍സലായി വിതരണം ചെയ്യാന്‍ പോസ്റ്റ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണുകളും കവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു കവര്‍ പൊളിച്ച് മൊബൈലും കോഡ് വയറുമെല്ലാം ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഓഫീസിനുള്ളിലെ അലമാരയും മേശവലിപ്പുകളും വാരിവലിച്ചിട്ട നിലയിലാണ്. വരാന്തയില്‍ കൈപിടിയില്ലാത്ത ഒരു പിക്കാസും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

സമീപത്തെ റേഷന്‍കടയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന് മേശവലിപ്പും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. കെ.പി. വിന്‍സന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് റേഷന്‍കട. കടയുടെ താഴ് മുന്‍വശത്ത് ഉപേക്ഷിച്ചിട്ടുണ്ട്. പരിസരത്തെ അരിമ്പൂര്‍ ക്ഷീരവ്യവസായ സഹ. സംഘത്തിന്റെ വാതിലിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. മേശയുടെ വലിപ്പെടുത്ത് പോസ്റ്റ് ഓഫീസിനുമുമ്പിലെ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണ്.

പോസ്റ്റ് ഓഫീസിനു സമീപത്തെ വീടിന്റെ പുറത്തുണ്ടായിരുന്ന വസ്ത്രങ്ങളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ഈ വീട്ടിലെ പിക്കാസാണ് മോഷണസംഘം ഉപയോഗിച്ചശേഷം ഉപേക്ഷിച്ചത്. അന്തിക്കാട് എസ്‌ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂരില്‍നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും മോഷണം നടന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി.

Related posts