അനിയന്ത്രിതമായ കുടിയേറ്റം മൂലം വലഞ്ഞിരിക്കുന്ന പ്രദേശമായിരിക്കാം ഇംഗ്ലണ്ട്. പക്ഷേ, കുടിയേറുന്നെങ്കില് ഇത്തരം ആളുകള്‍ മതിയെന്ന നിലപാടിലാണു നെറ്റിസണ്‍സ്. ജപ്പാനില്‍ നിന്നെത്തി നോട്ടിംഗ്ഹാംഷയറിനെ സ്വന്തം നാടാക്കി മാറ്റിയ ബുദ്ധ മൈത്രേയ എന്ന മുന്‍ സന്യാസിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ആരും ഇങ്ങനെ പറഞ്ഞു പോകും.
1980കളില്‍ കാടുപിടിച്ചു കിടന്ന ഒരു സ്ഥലത്തു സമീപത്തെ കര്‍ഷകര്‍ തങ്ങളുടെ പന്നികളെ കെട്ടുമായിരുന്നു. 35 വര്‍ഷത്തെ പ്രയത്നം കൊണ്ട് കണ്ടാല്‍ തിരിച്ചറിയാത്ത വിധം ആ സ്ഥലത്തെ മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. യുകെയില്‍ ധ്യാനം അഭ്യസിപ്പിക്കുന്ന ഇദ്ദേഹം അതിനു പറ്റിയ സ്ഥലം തെരഞ്ഞു നടന്നു. ഈ ഭൂമിയിലുണ്ടായിരുന്ന ഫാം ഹൗസ് വിലകൊടുത്തു വാങ്ങിയ ശേഷം ചുറ്റുപാടും ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുകയായിരുന്നു. മാതൃരാജ്യത്തെ ഓര്‍മിപ്പിക്കും വിധമുള്ളൊരു സ്വര്‍ഗം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
ക്രമേണ ഇംഗ്ലീഷ് കാലാവസ്ഥയില്‍ വേരുപിടിക്കുന്ന വര്‍ണശബളമായ പൂക്കളും ഇവിടെ ഇടംപിടിച്ചു. മുളങ്കാടുകള്‍ തിങ്ങിനിറഞ്ഞ ഇവിടെ ഒരു മല്സ്യക്കുളവുമുണ്ട്. ഗാര്‍ഡനിംഗ് എന്നതു തനിക്ക് മുന്‍പരിചയമുള്ള മേഖല ആയിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സുഹൃത്തുക്കളും ധ്യാനം അഭ്യസിക്കാന്‍ വരുന്ന വിദ്യാര്‍ഥികളും സംഭാവന ചെയ്തതാണു എല്ലാ ചെടികളും.
എന്തായാലും ഈ അധ്വാനം അപ്രതീക്ഷിതമായ ഒരു വരുമാനമാര്‍ഗവും അദ്ദേഹത്തിനു തുറന്നുകൊടുത്തിട്ടുണ്ട്. ഫീസ് നല്കി ഈ സുന്ദരഭൂമിയില്‍ പ്രവേശിക്കാനും സമയം ചെലവഴിക്കാനും തയാറായി ക്യൂ നില്ക്കുകയാണു പ്രദേശവാസികള്‍. ചിത്രങ്ങള്‍ നോക്കി നെറ്റിസണ്‍സിനെ പോലെ നിങ്ങള്‍ക്കും അസൂയപ്പെടാം. കണ്ടു നോക്കൂ…