കുറുവന്തേരിയില്‍ വീണ്ടും ബോംബേറ്; വീട്ടുമുറ്റത്ത് പൊട്ടാതെ കിടന്ന സ്റ്റീല്‍ ബോംബ് കണ്ടെത്തി

kkd-bombനാദാപുരം: കനത്ത പോലീസ് സുരക്ഷയിലും കുറുവന്തേരിയില്‍ രണ്ടിടങ്ങളില്‍ വീണ്ടും ബോംബേറ്. ഇരുട്ടിന്റെ മറവില്‍ ഭീതി പരത്തി അക്രമി സംഘം ഞാലിയോട്ടുമ്മലിലും,കുറുവന്തേരിയിലുമാണ്് ഇന്ന് പുലര്‍ച്ചെ ബോംബെറിഞ്ഞത്. ഞാലിയോട്ടുമ്മല്‍ അലിയുടെ വീടിന്റെ മുന്‍ ഭാഗം ഇടവഴിയില്‍ എറിഞ്ഞ ബോംബ് വന്‍ ശബ്ദത്തില്‍ പൊട്ടി തെറിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഇതിന് പിന്നാലെ രണ്ടോടെ കുറുവന്തേരിയിലെ അറക്കന്റെവിട ഇബ്രാഹിമിന്റെ വീടിന്റെ മുന്‍ വശം നടവഴിയില്‍ നിന്ന് പൊട്ടാതെ കിടന്ന സ്റ്റീല്‍ ബോംബ് കണ്ടെത്തി.

എറിഞ്ഞിട്ട് പൊട്ടാതിരുന്നതെന്നാണ് പോലീസ് നിഗമനം. സ്ഥലത്തെത്തിയ വളയം പോലീസ് ബോംബ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ ബോംബേറ് പതിവായതോടെ വടകര റൂറല്‍ എസ്പി എന്‍. വിജയകുമാറും സംഘവും വളയം മേഖലയില്‍ ഇന്നലെ രാത്രി ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് വീണ്ടും ബോംബേറുണ്ടായത്. ശനിയാഴ്ച്ച രാത്രി 12ഓടെ കുറുവന്തേരി കൊയമ്പ്രം പാലം റോഡില്‍ കണ്ണോത്ത് അന്ത്രുവിന്റെ വീടിന്റെ മുന്‍ ഭാഗം റോഡിലും.

പുലര്‍ച്ചെ രണ്ടോടെ മുത്തപ്പന്‍ ക്ഷേത്ര ഭണ്ഡാരത്തിന് സമീപത്തെ മാവിലന്റവിടെ സുരേഷിന്റെ വീടിന് മുന്നിലും,രണ്ടരയോടെ ഞാലിയോട്ടുമ്മലിലെ ഞാലിയോട്ടുമ്മല്‍ വിജേഷിന്റെ വീടിന് മുന്നിലും ബോംബേറുണ്ടായിരുന്നു. മൂന്ന് ബോംബുകളും പൊട്ടിത്തെറിച്ചു. സ്റ്റീല്‍ ബോംബുകളാണ് മൂന്നിടങ്ങളിലും പ്രയോഗിച്ചത്. ആഴ്ച്ചകള്‍ക്ക് മുന്‍പ് കുറുവന്തേരിയില്‍ നിന്നും ഉഗ്ര ശേഷിയുള്ള പതിനഞ്ചോളം ബോംബുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.

രാത്രി കാലങ്ങളിലെ ബോംബേറും അക്രമങ്ങളും പതിവായതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കുറുവന്തേരി മേഖലയില്‍ മൂന്നിടങ്ങളില്‍ പോലീസ് പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചു. ജില്ലാ അതിര്‍ത്തിയായ കൊയമ്പ്രം പാലം,കഴിഞ്ഞ ദിവസം വീടുകള്‍ക്ക് നേരെ അക്രമങ്ങള്‍ നടന്ന മാട്ടാമ്മല്‍,ഗംഗാധരന്‍ പീടിക എന്നിവിടങ്ങലിലാണ് പോലീസ് പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചത്. വാണിമേല്‍ മേഖലയില്‍ രാത്രികാല വാഹന പരിശോധനയും മൊബൈല്‍ പട്രോളിംഗും ശക്തമാക്കാനും തീരുമാനിച്ചതായി വളയം എസ്‌ഐ കെ. നിപുണ്‍ ശങ്കര്‍ പറഞ്ഞു.

Related posts