കൃഷിക്കായി അടുത്തമാസം വാഴാനി ഡാമില്‍ നിന്നും വെള്ളം തുറന്നു വിടും

PKD-DAMSHUTTERവടക്കാഞ്ചേരി: വാഴാനി ഡാമില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വെള്ളം സെപ്റ്റംബര്‍ 20 മുതല്‍ തുറന്നു വിടാന്‍ വാഴാനി പദ്ധതി ഉപദേശകസമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ 31 വരെയാണ് വെള്ളം തുറന്നുവിടുക. വാഴാനി ഡാമില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വെള്ളം കുറവായത് കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എട്ട് മില്യണ്‍ എം ക്യൂബ് വെള്ളം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തിന്റെ കുറവുള്ളതായി അധികൃതര്‍ പറഞ്ഞു. വെള്ളത്തിന്റെ അളവില്‍ കുറവുണ്ടെങ്കിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വെള്ളം തുറന്നു വിടാന്‍ തീരുമാനമായത്.

ചാലുകളിലും തോടുകളിലും പരമാവധി വെള്ളം കെട്ടിനിര്‍ത്തി ജലസംരക്ഷണം ഉറപ്പാക്കാനും ഉപദേശകസമിതി അഭ്യര്‍ഥിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ്കിഷോര്‍, കൃഷി ഓഫീസര്‍ മനോജ്, വാഴാനി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഐ.കെ.മോഹന്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, അസിസ്റ്റന്റ് എന്‍ജിനിയര്‍ ടി.എം.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts