വടക്കഞ്ചേരി: വളരാനുള്ള സാധ്യതകള്‍ ഏറെയുണ്ടായിട്ടും കെഎസ്ആര്‍ടിസി വടക്കഞ്ചേരി സബ് ഡിപ്പോ പിറകോട്ടു പോകുന്നതിനു പിന്നില്‍ രാഷ്ട്രീയകളിയും സ്വകാര്യ ബസുടമകളുമായുള്ള അവിഹിത ബന്ധവുമാണെന്ന ആരോപണം ശക്തം. സര്‍വീസുകള്‍ അലങ്കോലമാക്കി നഷ്ടം കാണിച്ച് ഡിപ്പോയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം.ഇതിനായി സബ് ഡിപ്പോയിലെ ഡ്രൈവര്‍മാരെ പാലക്കാട്ടേയ്ക്കും തൃശൂരിലേക്കും വിട്ട് ഇവിടത്തെ ലോക്കല്‍ സര്‍വീസുകളും മലയോര സര്‍വീസുകളും വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്.ഷെഡ്യൂള്‍ 34 ആണെങ്കിലും ദിവസവും ഓടുന്നത് 25 ഷെഡ്യൂളുകള്‍ മാത്രമാണ്. മലയോരമേഖലയിലേക്ക് കണ്ടംചെയ്യാറായ പഴയ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതു പലപ്പോഴും വഴിയില്‍ നില്ക്കുകയും ട്രിപ്പ് മുടങ്ങുകയും ചെയ്യും.
ഇന്നലെയും പാലക്കുഴിയിലേക്ക് പോകേണ്ടിയിരുന്ന ബസ് ഓടിയില്ല. ബസ് കേടായി, ഡ്രൈവറില്ല തുടങ്ങിയ കാരണങ്ങളാണ് ട്രിപ്പ് മുടക്കത്തിന് പറയുക.വടക്കഞ്ചേരിയിലേയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായാണ് മൂന്നര പതിറ്റാണ്ടുമുമ്പ് കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് സെന്റര്‍ വടക്കഞ്ചേരിയില്‍ ആരംഭിച്ചത്. മറ്റു ഡിപ്പോകളില്‍നിന്നും ഉപേക്ഷിച്ച ബസുകള്‍ കൊണ്ടുവന്നായിരുന്നു സെന്ററിന്റെ തുടക്കമെങ്കിലും ചുരുങ്ങിയ കാലംകൊണ്ടുതന്നെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കളക്്ഷനുള്ള ഓപ്പറേറ്റിംഗ് സെന്റര്‍ എന്ന നിലയില്‍ വടക്കഞ്ചേരി മൂന്നുതവണ അവാര്‍ഡും കരസ്ഥമാക്കി.
എന്നാല്‍ ഈ അംഗീകാരത്തിന് അനുസരിച്ചുള്ള പുതിയ റൂട്ടുകളോ അന്തര്‍സംസ്ഥാന സര്‍വീസുകളോ പുതിയ ബസുകളോ നല്കാതെ സെന്ററിനെ അവഗണിച്ചു.പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ 2000-ല്‍ ഓപ്പറേറ്റിംഗ് സെന്റര്‍ സബ്ഡിപ്പോയായി ഉയര്‍ത്തി. മൂന്നു മന്ത്രിമാര്‍ പങ്കെടുത്തായിരുന്നു പ്രഖ്യാപനം. സമീപ ഡിപ്പോകളിലെ ബസുകള്‍ താത്കാലികമായി കൊണ്ടുവന്നായിരുന്നു പ്രഖ്യാപനം നടത്തിയത്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വന്ന ബസുകള്‍ അതത് ഡിപ്പോകളിലേക്ക് തിരിച്ചുപോയതോടെ ഉയര്‍ത്തല്‍ പ്രഖ്യാപനം രേഖയില്‍ മാത്രമായി ചുരുങ്ങി.
ഇതിനിടെ രാഷ്ട്രീയകളികളും സ്വകാര്യബസ് ഉടമകളുമായുള്ള അവിഹിത ബന്ധങ്ങളും ശക്തമായതോടെ സര്‍വീസുകള്‍ പലതും തോന്നുംമട്ടിലായി. ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഗോവിന്ദാപുരം- തൃശൂര്‍ റൂട്ടിലെ ഒമ്പതു സര്‍വീസുകളും നിര്‍ത്തലാക്കി. ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ ആധിപത്യം സ്ഥാപിച്ചു. സ്വകാര്യബസുകളുടെ മുമ്പും ശേഷവും സര്‍വീസ് നടത്തി ഉള്‍പ്രദേശങ്ങളിലേക്കുള്ള ഷെഡ്യൂളുകളും നഷ്ടത്തിലാക്കിയെന്നാണ് ആക്ഷേപം.