കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ പാറക്കണ്ടിയിലെ വീടിനുമുന്നില്‍ ആയുധവുമായെത്തിയ യുവാവ് പിടിയില്‍. അമ്പാടിമുക്ക് സ്വദേശി രജീഷ് എന്ന മെഴുത്തിരി രജീഷാണ് പിടിയിലായത്. ഇയാളോടൊപ്പം ബൈക്കുകളില്‍ ഏതാനുംപേരുമുണ്ടായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും മറ്റുള്ളവര്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. രജീഷിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നുവെന്നും കെ. സുധാകരനെ ആക്രമിക്കാനാണ് ഇയാള്‍ എത്തിയതെന്ന് സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള രജീഷിനെ പോലീസ് ചോദ്യംചെയ്തു വരികയാണ്്. സംഭവസമയം സുധാകരന് വീട്ടിലുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് കെപിസിസി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ സുധാകരന് തിരുവനന്തപുരത്താണുള്ളത്. പിടിയിലായ രജീഷ് ബിജെപി പ്രവര്‍ത്തകനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നേരത്തെ ബിജെപിയില്‍ പ്രവര്‍ത്തിച്ച ഇയാള്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേരുകയും പിന്നീട് ബിജെപിയിലേക്ക് തിരിച്ചുപോവുകയും ചെയ്തുവെന്നാണ് പറയുന്നത്.