കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിക്കുന്ന കേച്ചേരി സെന്ററിലെ വളവില്‍ തിരിവ് സൂക്ഷിക്കണമെന്നാണ് കേച്ചേരിയില്‍ പൊതുവേ ഉയരുന്ന നാട്ടുസംസാരം. സൂക്ഷ്മത കൈവിട്ടാല്‍ വഴി നടത്തക്കാരും വാഹനയാത്രക്കാരും ആകസ്മിക അപകടങ്ങളുടേയും അതിനപ്പുറം ദുരന്തങ്ങളുടേയും ഇരകളാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അക്കിക്കാവ് – പന്നിത്തടം ഭാഗങ്ങളില്‍നിന്നും കേച്ചേരി ബൈപാസ് ജംഗ്ഷനിലെത്തി, വടക്കാഞ്ചേരി റേഡിലേക്ക് തിരിയുന്ന അല്‍ബേക്കര്‍ കോര്‍ണറിലാണ് അപകടങ്ങള്‍ പതിയിരിക്കുന്നത്.
ഇവിടെ റോഡ് പാടേ തകര്‍ന്നു ടാറിംഗ് അടര്‍ന്നു വിസ്താരമേറിയ കുഴികള്‍ രൂപപ്പെട്ടാണ് കിടക്കുന്നത്. മഴ തുടങ്ങിയാല്‍ റോഡും പരിസരവും വെള്ളത്തിനടിയിലാവുകയും ചെയ്യും. ഒട്ടുമിക്ക ദിവസങ്ങളിലും അരങ്ങേറുന്ന അപകടക്കാഴ്ചകള്‍ തന്നെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തുന്നത്. ഈ അപകടക്കുഴികള്‍ തന്നെയാണ്. കഴിഞ്ഞ ദിവസം സ്കൂട്ടറില്‍ സഞ്ചിരിച്ചിരുന്ന കോളജ് വിദ്യാര്‍ഥിനിയെ മറിച്ചിട്ടതും ഗുരുതരമായി പരിക്കേല്‍പ്പിച്ചതും ഭൂരിഭാഗം ബൈക്കുകളും ഓട്ടോറിക്ഷകളും ബൈപാസ് ജംഗ്ഷനേയും അപകടക്കുഴികളേയും പേടിച്ചു തന്നെയാണ് യാത്ര തുടരുന്നത്.
കേച്ചേരിയിലെ തുടര്‍ച്ചയായ വാഹനക്കുരുക്കും അപകടങ്ങളും കുറച്ചുകൊണ്ടുവരുവാനാണ് അക്കിക്കാവ് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ബൈപാസ് ജംഗ്ഷനിലെത്തി, വടക്കാഞ്ചേരി റോഡിലേക്ക് തിരിഞ്ഞ് എരനെല്ലൂര്‍ പള്ളി റോഡ് വഴി തൃശൂര്‍ ഹൈവേയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത്. വാഹനങ്ങളുടെ തിക്കും തിരക്കും മൂലം തകര്‍ന്ന എരനെല്ലൂര്‍ പള്ളി റോഡ്, കേച്ചേരി ദുബായ് റോഡ് എന്നിവ ഉയര്‍ത്തി, ടാറിംഗ് നടത്തി നവീകരിച്ചെങ്കിലും കേച്ചേരിയിലെ കുണ്ടും കുഴികളും നിറഞ്ഞ റോഡ് നന്നാക്കുവാന്‍ യാതൊരു നടപടിയും ഇനിയും എടുത്തിട്ടില്ല.
ട്രാഫിക് പോലീസിന്റേയും ആക്്ഷന്‍ ഫോറത്തിന്റേയും നേതൃത്വത്തില്‍ മതിയായ ഡിവൈഡറുകളും ദിശാബോര്‍ഡുകളും സ്ഥാപിക്കുമെന്നും റോഡിലെ അറ്റകുറ്റപ്പണികളും നടത്തുമെന്ന് പറഞ്ഞെങ്കിലും അതും പ്രഖ്യാപനങ്ങളിലൊതുക്കിയിരിക്കുകയാണ്. അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന കേച്ചേരി ബൈപാസ് ജംഗ്്ഷനിലെ തകര്‍ന്ന റോഡ് എത്രയും പെട്ടെന്നു ടാറിംഗ് നടത്തി സുരക്ഷിതപ്പെടുത്തണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരും ആവശ്യപ്പെടുന്നത്