കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണനക്കെതിരേ പാലായില്‍ 19 ന് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല

KTM-LDFപാലാ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണനക്കെതിരേയും പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘം, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സഹകരണസംഘം എന്നീ സ്ഥാപനങ്ങള്‍ നടത്തിയ കര്‍ഷക വഞ്ചനക്കെതിരേയും പ്രതിഷേധിച്ച് എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19 ന് വൈകുന്നേരം 4.30 ന് പാലായില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. ഇതിനോടനുബന്ധിച്ച് 17 ന് നിയോജകമണ്ഡലം വാഹനപ്രചരണ ജാഥ നടത്തും.

രാവിലെ ഒന്‍പതിന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി കാപ്പനാണ് ജാഥാ ക്യാപ്റ്റന്‍. വി.ജി.വിജയകുമാര്‍ വൈസ് ക്യാപ്റ്റനും ബാബു കെ ജോര്‍ജ് മാനേജരുമാണ്. രാവിലെ ഒന്‍പതിന് പ്രവിത്താനത്തു നിന്നും ആരംഭിക്കുന്ന ജാഥ പത്തിന് മേലുകാവ്, 10.30ന് മൂന്നിലവ്, 11ന് തലനാട്,11.30ന്  പനയ്ക്കപ്പാലം, 12ന് പൈക, 12.30ന് കൂരാലി, ഉച്ചകഴിഞ്ഞ് ഒന്നിന് മേവട, രണ്ടിന് മുത്തോലിക്കവല, മൂന്നിന് പാലാ, 3.30ന് കരൂര്‍ പേണ്ടാനാംവയല്‍, നാലിന് രാമപുരം എന്നിവിടങ്ങളില്‍ എത്തി 5.30ന് കൊല്ലപ്പള്ളിയില്‍ സമാപിക്കും.

സമാപന സമ്മേളനത്തില്‍ സുരേഷ് കുറുപ്പ് എം എല്‍ എ, ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പാലായിലെ രണ്ടു സംഘങ്ങളിലേയും ഗുരുതരമായ ക്രമക്കേടുകളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും ഉത്തരവാദികള്‍ സംഘം ഭരണസമിതികളും അവരുടെ രാഷ്ടീയ നേതാക്കന്മാരും സഹകരണവകുപ്പ് ഉദ്യോഗസ്ഥരുമാണെന്ന് എല്‍ ഡി എഫ് നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, മാണി സി കാപ്പന്‍, വി.ജി.വിജയകുമാര്‍, ബാബു കെ ജോര്‍ജ്, ബെന്നി മൈലാടൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Related posts