ചെന്നിത്തലയുടെ പടയൊരുക്കം തടയാന്‍ തച്ചങ്കരി ? പരസ്യബോര്‍ഡുകള്‍ക്ക് അഗ്നിരക്ഷാസേനയ്ക്കു നികുതി നല്‍കണം; ഓഖിയുടെ ചുവടുപിടിച്ചു നടക്കുന്ന നീക്കം ഇങ്ങനെ…

തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതു നിരോധിക്കാന്‍ ശിപാര്‍ശ. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കനത്തനികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഓഖി ചുഴലിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് അപകടമുണ്ടായ പശ്ചാത്തലത്തിലാണു നീക്കം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരി നാളെ റിപ്പോര്‍ട്ട് നല്‍കും. ശിപാര്‍ശയ്ക്കു സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്നാണു സൂചന. അങ്ങനെവന്നാല്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ്. ജാഥ പടയൊരുക്കത്തിന് കനത്ത തിരിച്ചടിയാകുമത്.

തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍ അനുമതി കിട്ടാന്‍ ഇനിമുതല്‍ അഗ്നിരക്ഷാസേനയ്ക്കും റോഡ്സുരക്ഷാ അതോറിറ്റിയ്ക്കും പ്രത്യേക നികുതി നല്‍കണമെന്നാണ് തച്ചങ്കരിയുടെ ശിപാര്‍ശ. അഗ്നിരക്ഷാസേനയുടെ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയും.റോഡുകളിലും പ്രധാനകേന്ദ്രങ്ങളിലും ഡ്രൈവിംഗില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന തരത്തിലുളള അശ്ലീലസ്വഭാവമുള്ള പരസ്യങ്ങള്‍ നിരോധിക്കും. വളവുകളിലും ദിശാസൂചകങ്ങള്‍ മറയ്ക്കുന്ന രീതിയിലും പരസ്യബോര്‍ഡുകള്‍ പാടില്ല. വലിയ കെട്ടിടങ്ങള്‍ക്കു മുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുംമുമ്പ് അഗ്നിരക്ഷാസേനയുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

പരിപാടികളുടെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളടക്കമുള്ളവര്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ നിശ്ചിതസമയപരിധിക്കകം നീക്കിയില്ലെങ്കില്‍ സംഘാടകരില്‍ നിന്ന് പിഴ ഈടാക്കും. ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥലം, വലിപ്പം, നിര്‍മിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ എന്നിവയ്ക്ക് പ്രത്യേക മാനദണ്ഡവും നിയന്ത്രണവും കൊണ്ടുവരണമെന്നും ശിപാര്‍ശയില്‍ പറയുന്നു. പരസ്യബോര്‍ഡുകളുടെ വിപണി ഏകദേശം 500 കോടി രൂപയുടേതാണ്. ചെറുകിട പരസ്യവിപണിയും ഇത്രതന്നെവരും. ഇവയില്‍നിന്ന് ഈടാക്കുന്ന അധികനികുതി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും അഗ്നിശമനസേനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാനാണ് പദ്ധതി. ഹൈക്കോടതി നിര്‍ദേശപ്രകാരം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് അഗ്നിരക്ഷാ സേന രൂപം നല്‍കിയിരുന്നു. ഇതു നടപ്പിലായില്ല. ഇതുകൂടി കണക്കിലെടുത്താണ് പുതിയ ശിപാര്‍ശകള്‍.രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിക്കുന്ന ഫ്ളക്സുകള്‍ നിരോധിക്കുകയെന്ന ലക്ഷ്യം ഈ നീക്കത്തിനുപിന്നിലില്ലെന്നു ടോമിന്‍ തച്ചങ്കരി പറഞ്ഞെങ്കിലും ചെന്നിത്തലയ്ക്കിട്ടുള്ള പണിയായി ഇതിനെ പലരും കാണുന്നുണ്ട്.

Related posts