കൈകള്‍ രോഗാണു വിമുക്തമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു നമ്മളില്‍ പലര്‍ക്കും വേണ്ടത്ര ധാരണയില്ല എന്നതാണു വാസ്തവം. അറിവുളളവര്‍ അതു ജീവിതത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കാറുമില്ല. സാക്ഷരതയില്‍ മുന്‍നിരയിലെന്നു മലയാളി അഭിമാനിക്കുമ്പോഴും ആരോഗ്യസാക്ഷരതയില്‍ നാം പിന്നാക്കമാണ്. കൈകള്‍ കഴുകി അണുവിമുക്തമാക്കാത്തതാണ് മിക്ക ആരോഗ്യപ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം. ആരോഗ്യജിവിതം ഉറപ്പുവരുത്തുന്നതിനുളള വഴികളില്‍ പ്രധാനം കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതു തന്നെ.
തുമ്മല്‍ വഴി അണുക്കള്‍ വായുവില്‍ കലരുന്നത് ഒഴിവാക്കാന്‍ ചിലര്‍ കൈകളിലേക്കു തുമ്മാറുണ്ട്. ഇത് ആരോഗ്യകരമാണോ?
കൈകളിലേക്കു തുമ്മുന്ന ശീലമുളളവര്‍ ധാരാളം. അതു പോലെതന്നെ മൂക്കിലും കണ്ണിലും വായയിലും വിരല്‍ കൊണ്ടു സ്പര്‍ശിക്കുന്ന ദു:ശീലമുളളവരും ഏറെ. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കൈകള്‍ കൊണ്ടു മറച്ചുപിടിക്കുന്നവരുമുണ്ട്. മുക്കു വൃത്തിയാക്കിയശേഷം കൈകള്‍ കഴുകാതെ തങ്ങളുടെ ജോലികളില്‍ ഒന്നുമറിയാത്തതുപോലെ മുഴുകുന്നവര്‍ ധാരാളം. ഇതെല്ലാം തെറ്റായ ശീലങ്ങളാണ്. ശ്രദ്ധിക്കുക..! കൈകളിലേക്കു ചുമയ്ക്കുകയും തുമ്മുകയും ചെയ്ത ശേഷം കൈകള്‍ സോപ്പും (ഹാന്‍ഡ് വാഷ് പോലെയുളള മറ്റ്് അണുനാശിനികളോ) വെളളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കണം. ആല്‍ക്കഹോള്‍ അംശമുളള ഹാന്‍ഡ് വാഷുകളും ഉപയോഗിക്കാം. കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ ഭാഗങ്ങളില്‍ സ്പര്‍ശിക്കാനിടയായാലും അപ്രകാരം ചെയ്യുക. എല്ലായ്‌പോഴും കൈയില്‍ തൂവാല ഒപ്പം കരുതുക. തൂവാല ഇല്ലാത്ത അവസരങ്ങളില്‍ തുമ്മല്‍ വന്നാല്‍ കൈമടക്കുകളിലേക്കോ വസ്ത്രഭാഗങ്ങളിലേക്കോ തുമ്മാം. പക്ഷേ, വെളളവും സോപ്പും ലഭ്യമാകുന്ന ഇടമെത്തിയാല്‍ കഴുകാന്‍ മറക്കരുത്. അതു മറക്കുമ്പോഴാണ് മറ്റുളളവരിലേക്കു രോഗമെത്തുന്നതിന്റെ കണ്ണിയായി നമ്മള്‍ മാറുന്നത്.
കൈ കഴുകിയില്ലെങ്കില്‍ പകരുന്ന രോഗങ്ങളുണേ്ടാ?
പല രോഗങ്ങളും പകരുന്നത് മുന്‍കരുതലുകള്‍ മറന്നുപോകുമ്പോഴാണ്. രോഗികളെ പരിചരിക്കുന്നതു മഹത്തരം. പക്ഷേ, അതിനുശേഷം കൈകള്‍ അണുനാശിനി ഉപയോഗിച്ചു കഴുകാന്‍ മറന്നാലോ? രോഗം നമ്മളിലെത്തും, പിന്നെ മറ്റുപലരിലുമെത്തും. എച്ച്1എന്‍1 പോലെയുളള പനികള്‍ മറ്റുളളവരിലേക്കു പകരുന്നതു രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചശേഷം കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയാണ്. ആഹാരത്തിനു തയാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും പിമ്പും കൈകള്‍ സോപ്പും വെളളവുമുപയോഗിച്ചു ശുചിയാക്കുക.
ഹസ്തദാനത്തിനു ശേഷവും വാതില്‍പ്പിടി പോലെ പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷവും കൈ സോപ്പുപയോഗിച്ചു കഴുകണം. വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും അയല്‍ക്കൂട്ടങ്ങളിലും ക്ലബുകളിലുമൊക്കെ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പ്രത്യേകിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ശുചിമുറികളിലും പൊതു കക്കൂസുകളിലും ബാത്ത്‌റൂമുകളിലും ഹാന്‍ഡ് വാഷും വെളളവും ഉണെ്ടന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാരിനും യോജിച്ചു പ്രവര്‍ത്തിക്കാം.
കൈ കഴുകിയാല്‍ എന്താണു നേട്ടം?
രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനും രോഗം പകരാതിരിക്കുന്നതിനും കൈ കഴുകുന്ന ശീലം സഹായകം. ശുചിത്വക്കുറവു മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ ലോകത്ത് കോടിക്കണക്കിനു ജനങ്ങളെ ബാധിക്കുന്നുവെന്നു കണക്കുകള്‍. കൈകളുടെ ശുചിത്വക്കുറവു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വികസിതരാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളില്‍ ഏറെ കൂടുതലാണ്. ദിനംപ്രതി ലക്ഷക്കണക്കിന് ഉപദ്രവകാരികളായ സൂക്ഷ്മാണുക്കള്‍ സ്പര്‍ശനത്തിലൂടെ മറ്റുളളവരിലേക്കു വ്യാപിക്കുന്നുണ്ട്. ചില രോഗങ്ങളുടെ ആക്രമണം മനുഷ്യനു തടയാനാകും; പ്രതിരോധത്തിനുളള പ്രഥമ മാര്‍ഗമാണ് കൈകളുടെ വൃത്തി ഉറപ്പുവരുത്തുക എന്നത്്. (തുടരും)
തയാറാക്കിയത്- ടി.ജി.ബൈജുനാഥ്