കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന് നഗരസഭ

PKD-PLASTICകൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതിനിടെ നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി കൊച്ചി നഗരസഭ. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗവും വില്‍പനയും പൂര്‍ണമായി നിരോധിക്കുവാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കൊച്ചി നഗരസഭയുടെ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ എടുത്തതായി  അധ്യക്ഷ അഡ്വ.വി.കെ. മിനിമോള്‍ പറഞ്ഞു. പ്ലാസ്റ്റിക് കവറകളില്‍ കെട്ടി മാലിന്യങ്ങള്‍ തള്ളുന്നത് പ്ലാസ്റ്റിക് വേര്‍തിരിച്ച് എടുക്കുന്നതിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഈ തീരുമാനം.

ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയതതോടെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യനീക്കം മൂന്നുദിവസമായി നിലച്ചിരുന്നു. തിങ്കളാഴ്ച്ച മുതല്‍ വീടുകളില്‍ നിന്നടക്കം പ്ലാസ്റ്റിക് ശേഖരിക്കുന്നില്ലായിരുന്നു. ഇതോടെ ഡമ്പിംഗ് യാര്‍ഡുകളിലും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിയിരുന്നു. എന്നാല്‍ ഇന്നു രാവിലെ മുതല്‍ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചുവെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
ബ്രഹ്മപുരത്ത് നല്ല പ്ലാസ്റ്റിക് വേര്‍തിരിച്ച് വാങ്ങുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുവാദം കൊടുക്കാനും തീരുമാനമായതായി ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ.വി.കെ.മിനിമോള്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം എടുത്ത നിര്‍ദേശങ്ങള്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നല്ലൊരു ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകളിലും മറ്റും കെട്ടി ജൈവ മാലിന്യങ്ങള്‍ തള്ളുന്നതും വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ തള്ളുന്ന  മാലിന്യങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഓടകളിലും കാനകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് മൂലം അത് തങ്ങിനിന്ന് വെള്ളക്കെട്ടുണ്ടാകുന്നതും പതിവായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും വേര്‍തിരിച്ചുനല്‍കുന്നതിനും കാനകളിലും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കന്നത് നിര്‍ത്തുന്നതിനും പൊതുജനങ്ങള്‍ മുന്‍കൈ എടുക്കാത്ത സാഹചര്യത്തിലാണ് നിരോധനത്തിലേക്ക് നഗരസഭ നീങ്ങുന്നത്.

Related posts