കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചനിലയില്‍; വെടിയേറ്റത് സ്വന്തം തോക്കില്‍ നിന്ന്

javanകൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാചുമതലയിലുള്ള ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചനിലയില്‍. നാവികസേനാ ആസ്ഥാനത്തിനകത്തുള്ള എയ്ഡ്‌പോസ്റ്റില്‍ സുരക്ഷാ ചുമതലയുള്ള ഡിഫന്‍സ് സെക്യുരിറ്റി കോര്‍പ്‌സ് (ഡിഎസ്‌സി) ജവാന്‍ തൃശൂര്‍ സ്വദേശി നായിക് കെ.ശിവദാസന്‍ (53) നെയാണ് വെടിയേറ്റുമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 1.30 ഓടെയാണ് എയ്ഡ്‌പോസ്റ്റില്‍ നിന്ന് വെടി പൊട്ടുന്ന ശബ്ദം കേട്ടത്. സമീപത്ത് സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരും മറ്റുദ്യോഗസ്ഥരും എത്തിയപ്പോഴാണ് ശിവദാസനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വന്തം തോക്കില്‍ നിന്നാണ് ശിവദാസന് വെടിയേറ്റിരിക്കുന്നത്.

ഹാര്‍ബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയതാണോ ആരെങ്കിലും ആക്രമിച്ചതാണോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകു എന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം നാവികസേനാ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്നു. പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മക്കള്‍ രണ്ടുപേരും വിവാഹിതരാണ്.

Related posts