കൊച്ചി മെട്രോ: മുട്ടം-പാലാരിവട്ടം ലോഡ് ട്രയല്‍ വിജയകരം

ekm-metroകൊച്ചി: കൊച്ചി മെട്രോയുടെ ആലുവ മുട്ടം യാര്‍ഡ് മുതല്‍ പാലാരിവട്ടം വരെയുള്ള ഇരു പാതകളിലും പരമാവധി വേഗതയില്‍ ലോഡ് ട്രയല്‍ നടത്തി. കഴിഞ്ഞ 22നു മുട്ടം മുതല്‍ പാലാരിവട്ടം വരെ പരാമവധി വേഗതയായ മണിക്കൂറില്‍ 90 കിലോമീറ്ററില്‍ ഇരുപാതകളിലും പരീക്ഷണ ഓട്ടം നടത്തിയിരുന്നെങ്കിലും ലോഡ് ട്രയല്‍ നടത്തിയിരുന്നില്ല. മെട്രോ ട്രെയിനിന്റെ വാഹക ശേഷിക്കു തുല്യമായ മണല്‍ ചാക്കുകള്‍ കയറ്റിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.

ഇതുവരെ മെട്രോ ജീവനക്കാരും സാങ്കേതിക വിദഗ്ധരുമല്ലാതെ മറ്റാരെയും കയറ്റി ട്രെയിന്‍ ഓടിച്ചുനോക്കിയിട്ടില്ല. ഭാരവാഹക ശേഷി പരീക്ഷിക്കുന്നതിനായി ക്രഷ് ലോഡില്‍ കയറുന്ന പരമാവധി ആളുകളുടെ ഭാരത്തിനു ആനുപാതികമായി മണല്‍ ചാക്കുകള്‍ വണ്ടിയില്‍ കയറ്റിയുള്ള പരീക്ഷണ ഓട്ടം പലവട്ടം അപ് ലൈനില്‍ കളമശേരി വരെ  നേരത്തെ നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള ഇരു പാതകളിലും ഇത്തരത്തില്‍ ട്രയല്‍ നടത്തി. രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഡൗണ്‍ ലൈനിലും പിന്നീട് അപ് ലൈനിലും തുടര്‍ച്ചയായി ലോഡ് കയറ്റിയുള്ള പരീക്ഷണ ഓട്ടം നടത്തി.

975 പേരെയാണ് മൂന്നു കോച്ചുകളിലുമായി മെട്രോ ട്രെയിനു പരമാവധി വഹിക്കാവുന്നത്. 136 പേര്‍ക്ക് ഇരുന്നും 839 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. ഒരാള്‍ക്കു ശരാശരി 68 കിലോഗ്രാം എന്ന കണക്കില്‍ 66 ടണ്‍ ഭാരമുള്ള മണല്‍ ചാക്കുകള്‍ കയറ്റിയാണ് ക്രഷ് ലോഡ് പരിശോധിക്കുന്നതിനുള്ള പരീക്ഷണ ഓട്ടം നടത്തിയത്. ഇന്നലത്തെ ലോഡ് ട്രയലില്‍ പരമാവധി വേഗതയായ 90 കിലോ മീറ്ററിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നും ലോഡ് ട്രയല്‍ വിജയകരമായിരുന്നുവെന്നു ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.

Related posts