കൊടുംകുറ്റവാളികള്‍ക്കായി അഭിഭാഷകര്‍ കോടതികളില്‍ വാദിക്കുന്നതു നിര്‍ഭാഗ്യകരം: പി.കെ. ശ്രീമതി എംപി

TOP-SREEMATHIകൊല്ലങ്കോട്: സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് കൊടുംകുറ്റവാളികള്‍ക്കായി അഭിഭാഷകര്‍ കോടതികളില്‍ വാദിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷറര്‍ പി.കെ.ശ്രീമതി എംപി. മഹിളാ അസോസിയേഷന്‍ 11-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലങ്കോട് നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.

സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു മൂന്നുമാസത്തിനകം തീര്‍പ്പാക്കാനും നിയമഭേഗതിയുണ്ടാക്കണമെന്നും അവര്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

സംഘടനാ കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ.സൈനബ, കെ.എസ്.സലീഖ, ഗിരിജാ സുരേന്ദ്രന്‍, അഡ്വ. സുമതി, ലത പരമേശ്വരന്‍, എം.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം പി.സതീദേവി ഉദ്ഘാടനം ചെയ്തു. അഡ്വ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ മുന്‍ എംഎല്‍എ സി.വാസുദേവമേനോന്റെ ഭാര്യ ഇന്ദിരയെ ആദരിച്ചു. പഞ്ചവാദ്യം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കൊല്ലങ്കോട്ട് പ്രകടനവുമുണ്ടായി.

Related posts