കൊട്ടാരക്കരയില്‍ സിപിഎം പട്ടികയില്‍ അയിഷാപോറ്റിക്ക് മുന്‍ഗണന

klm-aishapottuപി.എ.പദ്മകുമാര്‍
കൊട്ടാരക്കര: കന്നി അങ്കത്തില്‍ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ തറപറ്റിച്ച അഡ്വ. അയിഷാപോറ്റി എംഎല്‍എയെ മൂന്നാം അങ്കത്തിലും മുന്നില്‍ നിര്‍ത്താന്‍ സിപിഎം തയാറെടുക്കുന്നു. ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ലാത്തതും ജനപ്രിയതയുമാണ് ഇവരെ വീണ്ടും പാര്‍ട്ടിക്ക് സ്വീകാര്യയാക്കുന്നത്.  കേരളാ കോണ്‍ഗ്രസ് (ബി) യുഡിഎഫ് വിട്ടതോടെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന കൊട്ടാരക്കര സീറ്റ് വിജയം അനിവാര്യമായതിനാല്‍ അതിനുശേഷിയുള്ള സ്ഥാനാര്‍ഥിയാക്കാനുള്ള അന്വേഷണത്തിലാണ് കോണ്‍ഗ്രസ.് പല പേരുകളും ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷ നിലനിര്‍ത്താന്‍ കഴിവുള്ളവര്‍ വിരളമാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ തട്ടകമായിരുന്ന കൊട്ടാരക്കരയില്‍ സിപിഐ ആയിരുന്നു ആദ്യകാലങ്ങളില്‍ എല്‍ഡിഎഫില്‍ നിന്നും മത്സരിച്ചിരുന്നത്.

തുടര്‍ച്ചയായുള്ള പരാജയങ്ങളെ തുടര്‍ന്ന് സീറ്റ് സിപിഎം ഏറ്റെടുക്കുകയായിരുന്നു.  പരാജയപ്പെടാന്‍ തന്നെയായിരുന്നു ഇവരുടെ വിധി.  എന്നാല്‍ 10 വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ അയിഷാപോറ്റി അട്ടിമറി വിജയം നേടി.  കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ കാലുവാരിയതാണ് തന്റെ പരാജയത്തിന് കാരണമെന്ന് ബാലകൃഷ്ണപിള്ള വിലയിരുത്തിയിരുന്നു.  പിന്നീട് 2011 -ല്‍ നടന്ന തെരഞ്ഞെടുപ്പിലും അയിഷാപോറ്റിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞു.  അയിഷാപോറ്റിക്ക് 74,069 വോട്ടു ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനര്‍ഥി ഡോ. എന്‍.എന്‍. മുരളിക്ക് 53,477 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ വയക്കല്‍ മധു 6,370 വോട്ടും നേടി.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിന്  5,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഇവിടെനിന്നും ലഭിക്കുകയുണ്ടായി. പക്ഷേ ഇപ്പോള്‍ നടന്ന തദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്തി.   മുഴുവന്‍ പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും ഇടതുമുന്നണിക്കാണ് ഭരണം ലഭിച്ചത്.  ഈ തെരഞ്ഞെടുപ്പ് ബിജെപിയും നേട്ടമുണ്ടാക്കി. ഇടതുമുന്നണിയില്‍ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയായി അയിഷാപോറ്റിക്ക് ഒപ്പം ഉയര്‍ന്നുവന്ന പേര് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന്റേതായിരുന്നു.

കറകളഞ്ഞ പാര്‍ട്ടിക്കാരനും മികച്ച ഭരണാധികാരിയെന്നും പേരുകേട്ട വ്യക്തിയാണ് ജയമോഹന്‍. പാര്‍ട്ടി നേതൃത്വത്തിന് താല്പര്യവും സ്വീകാര്യതയും ജയമോഹനനോടായിരുന്നു. പക്ഷെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ക്കെല്ലാം താല്പര്യം അയിഷാപോറ്റിയോടാണെന്നതാണ് വസ്തുത.  ഘടകകഷികള്‍ക്കും താല്പര്യം അവരെയാണ്. മണ്ഡലത്തില്‍ രാഷ്ട്രീയത്തിനതീതമായി വോട്ടുസമാഹരിക്കാനും അവര്‍ക്ക് കഴിഞ്ഞു.  ഈ ഘടകങ്ങളാണ് അവരെ പാര്‍ട്ടിക്ക് സ്വീകാര്യയാക്കിയിട്ടുള്ളത്.  ആര്‍.ബാലകൃഷ്ണപിള്ളയുടെ പിന്‍തുണ കൂടി എല്‍ഡിഎഫിന് ആയതിനാല്‍ കരുത്തനായ പാര്‍ട്ടിക്കാരനെ കളത്തിലിറക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ ജയമോഹനന്റെ സാധ്യതയും തള്ളികളായന്‍ ആവില്ല. ബാലകൃഷ്ണപിള്ള മുന്നണിമാറിയ സാഹചര്യത്തില്‍ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുക കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്.  കൊടിക്കുന്നില്‍ സുരേഷിന് പാര്‍ട്ടിയില്‍ കരുത്ത് തെളിയിക്കണമെങ്കില്‍ ഇവിടെ കോണ്‍ഗ്രസിന്റെ വിജയം അനിവാര്യമാണ്.

പ്രത്യേകിച്ചും ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയതിലും യുഡിഎഫില്‍ നിന്നും അകറ്റിയതിലും കൊടിക്കുന്നില്‍ സുരേഷിന് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പക്ഷേ ഇതിനുപറ്റിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയില്‍ മത്സരിക്കുവാനുള്ള സന്നദ്ധത സ്വയം പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതിന് അനുമതി നല്‍കിയിട്ടില്ല.  ഇപ്പോള്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ മത്സര സാധ്യത ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.  യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റ് വി. സത്യശീലന്റെ മകനുമായ അഡ്വ. സവിന്‍ സത്യന്റെ പേരാണ് അവസാന റൗണ്ടില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം സവിന്‍ സത്യന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുന്നില്ല. പലരും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.  കൊടിക്കുന്നില്‍ സുരേഷിന്റെ എതിര്‍പ്പ് കുറയ്ക്കാന്‍ വേണ്ടിയാണ് സത്യശീലന്‍ സ്ഥാനത്യാഗം ചെയ്ത് കൊടിക്കുന്നിലിനെ ഡിസിസി പ്രസിഡന്റാക്കിയതെന്നും പിന്നാമ്പുറ വര്‍ത്തമാനങ്ങളുണ്ട്.

ഇരുവരും കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ പെട്ടവരാണെങ്കിലും കൊടിക്കുന്നിലിന് കൊട്ടാരക്കരയില്‍ സ്വന്തമായ ഒരു ഗ്രൂപ്പ് നിലവിലുണ്ട്.  ഈ ഗ്രൂപ്പും സത്യശീലന്‍ വിഭാഗവുമായി പൊരുത്തത്തിലായിരുന്നില്ല.  ചെങ്ങന്നൂര്‍ എംഎല്‍എ ആയ പി.സി വിഷ്ണുനാഥിന് ജന്മനാടായ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാനും  അണിയറ നീക്കമുണ്ട്. ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്  സ്വയം സ്ഥാനര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.  എന്നാല്‍ എല്‍ഡിഎഫിന്റെ തട്ടകമായി മാറിയ കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണപിള്ള കൂടി അവരോടൊപ്പം ചേര്‍ന്ന് സാഹചര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് വിഷ്ണുനാഥിന്റെ ക്യാമ്പിന് താല്പര്യമില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

താഴെതട്ടില്‍ നിന്നുള്ള ഒരു വനിതയെ രംഗത്തിറക്കുവാനും ആലോചനയുണ്ട്.  കൊടിക്കുന്നില്‍ ഗ്രൂപ്പിന് മേല്‍കൈയുള്ള കൊട്ടാരക്കരയില്‍ ഒരു വനിതാ നേതാവിനെ രംഗത്തിറക്കാനുള്ള ആലോചനയും നടന്നുവരുന്നുണ്ട്.  എന്തായാലും യുഡിഎഫില്‍ അവസാന വാക്ക് കൊടിക്കുന്നിലിന്റേതായിരിക്കും.  പഴയ കൊട്ടാരക്കര നിയോജകമണ്ഡലം പഞ്ചായത്തടിസ്ഥാനത്തിലും സാമുദായിക അടിസ്ഥാനത്തിലും യുഡിഎഫിന് അനുകൂലമായിരുന്നു. കഴിഞ്ഞ പ്രാവശ്യം നടന്ന മണ്ഡലം പുന:സംഘടനയോടെ അതിന് മാറ്റം വന്നിട്ടുണ്ട്.  പുതിയതായി ചേര്‍ക്കപ്പെട്ട നെടുവത്തൂര്‍, എഴുകോണ്‍, കരീപ്ര, വെളിയം പഞ്ചായത്തുകള്‍ എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളായിരുന്ന വെട്ടിക്കവലയും മേലിലയും വിട്ടുപോവുകയും ചെയ്തു.

മുമ്പ് നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം എന്നിങ്ങനെയാണ് മുന്നിട്ട് നിന്നിരുന്നതെങ്കില്‍ ഇന്ന് ഈഴവ, നായര്‍, ക്രിസ്ത്യന്‍, മുസ്ലീം എന്നിങ്ങനെയാണ്.  പട്ടികജാതി വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനം ഉണ്ട് മണ്ഡലത്തില്‍.  കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍കാലത്തേക്കാള്‍ മുന്നേറിയ ബിജെപി  പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കരുത്ത് തെളിയിച്ചിട്ടുണ്ട്.  ഇവരുടെ ജില്ലാ സെക്രട്ടറി അഡ്വ. വയയ്ക്കല്‍ സോമനോ സിപിഐ വിട്ട് ബിജെപി യില്‍ ചേര്‍ന്ന മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രാജേശ്വരി മോഹനോ ആയിരിക്കും ഇവരുടെ സ്ഥാനര്‍ഥി. സീറ്റ് ബിഡിജെഎസി ന് നല്‍കാനും സാധ്യതയുണ്ട്.  കേരളം ഉറ്റുനോല്‍ക്കുന്ന സ്ഥാനര്‍ഥി നിര്‍ണയവും തെരഞ്ഞെടുപ്പുമായിരിക്കും കൊട്ടാരക്കരയില്‍.

Related posts