കൊട്ടാരക്കര: കസ്റ്റഡിയിലെടുത്തയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടാരക്കര പോലീസ് സ്റ്റേഷനുനേരെ ആക്രമണം നടത്തി. കല്ലേറിലും മര്‍ദനത്തിലും സിഐ അടക്കം ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. സ്റ്റേഷന്റെ ജനല്‍ ഗ്ലാസും ഓടും ഷീറ്റും തകര്‍ത്തു.
ആക്രമണത്തില്‍ പരിക്കേറ്റ പുത്തൂര്‍ എസ്ഐ വി.പി സുധീഷ്, പോലീസുകാരായ ദിനേഷ്കുമാര്‍, ഷഫീക്, ഹോംഗാര്‍ഡ് വിജയന്‍പിള്ള എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സിഐ സജികുമാറും മറ്റൊരു പോലീസുകാരനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11ഓടെയാണ് സംഭവത്തിന് തുടക്കം. കോട്ടാത്തലയില്‍ ഉത്സവഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര എസ്ഐ ശിവപ്രകാശ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ തടഞ്ഞുനിര്ത്തിചോദ്യം ചെയ്തു. ഇതില്‍ ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് തിരുവനന്തപുരം ധനുവച്ചപുരം ആര്‍വി ഭവനില്‍ ബിനിഷും ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ എസ്ഐയോട് തട്ടിക്കയറുകയും ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമുണ്ടായി.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. അവിടെവച്ച് ബിനീഷിനെ പോലീസ് മര്‍ദിച്ചതായി ആരോപണമുണ്ട്. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനുള്ളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവമറിഞ്ഞെത്തിയ സിഐ സജികുമാര്‍ ഇവരോട് സ്റ്റേഷന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ സിഐയെ ആക്രമിക്കാനും ശ്രമമുണ്ടായി. പുറത്തുപോയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്നീട് റോഡില്‍നിന്നും സ്റ്റേഷനിലേക്ക് കല്ലേറ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കല്ലേറില്‍ വനിതാ സിഐയുടെ ജീപ്പും സ്റ്റേഷന്റെ ജനല്‍ ഗ്ലാസുകളും മേല്‍ക്കൂരയുടെ ഓടും ഷീറ്റും തകര്‍ന്നു. പോലീസ് ലാത്തി വീശിയതോടെ ഓടിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗണപതി ക്ഷേത്രവളപ്പിലും ആര്‍എസ്എസ് കാര്യാലയത്തിലും ഒളിച്ചു. തുടര്‍ന്ന് പട്രോളിംഗിനിറങ്ങിയ സിഐയുടെ ജീപ്പ് ഗണപതിക്ഷേത്ര ചിറക്ക് സമീപം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയും സിഐയേയും ഹോംഗാര്‍ഡ് വിജയന്‍പിള്ളയേയും മര്‍ദിക്കുകയും ചെയ്തു.
വിജയന്‍പിള്ളയ്ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് ജീപ്പും അടിച്ചുതര്‍ത്തു. വിവരമറിഞ്ഞ് കുണ്ടറയില്‍നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന പോലീസ് ജീപ്പും പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിന് സമീപം സംഘം അടിച്ചുതകര്‍ത്തു. മൂന്നുമണിക്കൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവമറിഞ്ഞ് എസ്പിയും ഡിവൈഎസ്പിയുമടക്കം സ്റ്റേഷനിലെത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരും ചികിത്സ തേടിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ബിനീഷ്, സമീഷ് എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍പേരെ ഇന്ന് അറസ്റ്റുചെയ്തേക്കുമെന്നാണ് സൂചന. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്റ്റേഷന് സന്ദര്‍ശിക്കും.