കൊല്ലം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ് പ്രചാരണം തുടങ്ങി

klm-mukeshകൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിനിമാതാരം മുകേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഷൂട്ടിംഗിന്റെ തിരക്കുകള്‍ക്കൊക്കെ താത്ക്കാലിക അവധി കൊടുത്താണ് മുകേഷ് ഇന്നലെ കൊല്ലത്ത് എത്തിയത്. പട്ടത്താനത്തെ വീട്ടില്‍ നിന്ന് രാവിലെ തന്നെ അദ്ദേഹം പോളയത്തോട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ എന്‍.എസ്.സ്മാരക മന്ദിരത്തിലെത്തി.ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ അടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ഥിയെ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് പി.കെ.ഗുരുദാസന്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ചയും നടത്തി.

സിറ്റിംഗ് എംഎല്‍എ പി.കെ.ഗുരുദാസന്റെ അനുഗ്രഹം വാങ്ങാനും മുകേഷ് മറന്നില്ല. കൊല്ലത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം കിട്ടിയത് അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.നേരത്തെ മുകേഷ് കഥകളുടെ പ്രകാശന ചടങ്ങില്‍ കൊല്ലം എസ്എന്‍ കോളജിന്റെ അംബാസഡറാകണമെന്നും അതുവഴി കൊല്ലത്തിന്റെ അംബാസഡറാകണമെന്നും ചില അഭ്യുദയ കാംക്ഷികള്‍ തന്നോട് പറഞ്ഞിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

ഇക്കാര്യങ്ങളൊക്കെ ഇപ്പോള്‍ മത്സരത്തിന് ഊര്‍ജം നല്‍കുന്ന ഘടകങ്ങളാണ്. മത്സരത്തെ ഒട്ടും ഭയക്കുന്നില്ല. 100 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഭിനയത്തിലടക്കം ജീവിതത്തില്‍ എന്തു ചെയ്താലും അതില്‍ വിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. മറിച്ചുള്ള ചിന്തകള്‍ക്ക് പ്രസക്തിയില്ല. വിജയത്തില്‍ കുറഞ്ഞ് ഒരു പ്രതീക്ഷയില്ലെന്നും മുകേഷ് അസന്നിഗ്ധമാക്കി. ഇനിയുള്ള രണ്ട് ദിവസം മണ്ഡലത്തിലെ പൗരപ്രമുഖരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കാനാണ് തീരുമാനം. അതിനുശേഷം പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുകേഷിന്റെ പ്രചാരണ പരിപാടികള്‍ നടക്കുക.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ.ബേബിക്കുവേണ്ടി ഇദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നു. യോഗങ്ങളില്‍ പ്രസംഗിക്കുകയും റോഡ്‌ഷോയിലടക്കം മുകേഷ് പങ്കെടുക്കുകയുമുണ്ടായി. അതേസമയം കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ  മത്സരിക്കുമെന്നായിരുന്നു ഏതാനും ദിവസം മുമ്പുവരെ കേട്ടിരുന്നത്.എന്നാല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

Related posts