കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വിശ്രമമുറികള്‍ അടഞ്ഞുതന്നെ: യാത്രക്കാര്‍ ഏറെ വലയുന്നു

TCR-RAILWAYകൊല്ലം: റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറികള്‍ അടഞ്ഞുകിടക്കുന്നത് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. ഇവിടത്തെ ഉയര്‍ന്ന ക്ലാസ് യാത്രക്കാരുടെയും സ്ത്രീകളുടെയും വിശ്രമമുറികള്‍ കഴിഞ്ഞമാസം പത്തുമുതല്‍ അടച്ചിട്ടിരിക്കയാണ്.നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാലാണ് ഇവ പ്രവര്‍ത്തിക്കാത്തത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് മുന്‍ ഭാഗത്തെ രണ്ടാം ക്ലാസ് യാത്രികരുടെ വിശ്രമമുറിയാണ് ഇതുകൊണ്ട് ഇവിടെ എത്തുന്ന എല്ലാ വിഭാഗം യാത്രികരുടെയും ആശ്രയം.

ഇവിടെ ഇതുകാരണം പലപ്പോഴും വന്‍ തിരക്കും അനുഭവപ്പെടുന്നു. മാത്രമല്ല ഡ്രെയിനേജ് സംവിധാനം തകരാറിലാകുന്നത് കാരണം ഈ വിശ്രമമമുറിയുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു.ഇത് നിത്യസംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ തകരാറിലായ ഡ്രെയിനേജ് സംവിധാനത്തിലെ തകരാര്‍ പരിഹരിച്ചത് പിറ്റേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ്.

ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ തകരാര്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നില്ല. ഇതുമൂലം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീ യാത്രികരാണ്. സ്റ്റേഷന്‍ അധികാരികളോട് പറഞ്ഞിട്ടും അനുകൂല നടപടികള്‍ ഒന്നുമില്ല. റെയില്‍വേയുടെ പരാതികള്‍ അറിയക്കാനുള്ള 138 എന്ന നമ്പരില്‍ വിളിച്ച് നൂറുകണക്കിന്  യാത്രക്കാര്‍ പരാതി രേഖാമൂലം രജിസ്റ്റര്‍ ചെയ്തിട്ടും  ഇതുവരെയും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.

Related posts