കൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല; ആസൂത്രിത കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Crimeകോഴിക്കോട്: കുന്നമംഗലം പെരിങ്ങളത്തിനുസമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല. വാടകമുറിയില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ മുങ്ങിയതിനാല്‍ മറ്റാര്‍ക്കെങ്കിലും ഇയാളെക്കുറിച്ച് വിവരം നല്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി മറ്റു ഇതരസംസ്ഥാനക്കാരായ തൊഴിലാളികളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും. നടന്നത് ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കുരിക്കത്തൂരിലെ കള്ളുഷാപ്പിനു പിറകിലെ വാടകമുറിയിലാണ് കഴുത്തില്‍ ഉടുമുണ്ട് ചുറ്റിയ നിലയില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മൂന്നു ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മൂന്നുമാസംമുമ്പ് സാഗര്‍ എന്ന ഗുജറാത്ത് സ്വദേശിയാണ് ഇവിടെ വാടകയ്ക്കു മുറിയെടുത്തത്. ഇയാളാണു മറ്റു രണ്ടുപേരെ അടുത്തകാലത്തായി താമസിക്കാന്‍ കൊണ്ടുവന്നത്.

സാഗര്‍ ഒരു മുറിയിലും മറ്റു രണ്ടുപേര്‍ തൊട്ടടുത്ത മുറിയിലുമാണ് താമസിച്ചിരുന്നത്. ഈ മുറിയിലാണ് കൊലപാതകം നടന്നതും. മുറിയില്‍നിന്നു മദ്യക്കുപ്പി, ഗ്ലാസ് തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. രണ്ടുമുറികളും തുറന്ന നിലയിലായിരുന്നു.

ഇന്നലെ സംഭവസ്ഥലത്തു കൊണ്ടുവന്ന പോലീസ്‌നായ മണംപിടിച്ച് സാഗറിന്റെ മുറിയിലേക്കാണ് പോയത്. പിന്നീട് റോഡിലൂടെ താഴേ കുരിക്കത്തൂര്‍ അങ്ങാടിയിലൂടെ ഓടി മേലെ കുരിക്കത്തൂര്‍ ബസ് സ്‌റ്റോപ്പില്‍ എത്തിനിന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ ചേവായൂര്‍ സിഐ ജോണ്‍, കുന്നമംഗലം എസ്‌ഐ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts