മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ പള്ളിക്കുറുപ്പ് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന മണ്‍തിട്ട അപകടഭീഷണിയായി. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിനു ഇരുവശങ്ങളിലുമായാണ് മണ്‍തിട്ട നിലകൊള്ളുന്നത്.വന്‍മണ്‍തിട്ട ഇടിച്ചുനിരത്തി നിര്‍മിച്ച മണ്ണാര്‍ക്കാട്- കോങ്ങാട് റോഡിലാണ് അപകടകരമായ ഈ സ്ഥിതിയുള്ളത്. ശക്തമായ മഴ പെയ്താല്‍ ഏതുനിമിഷവും മണ്‍തിട്ട ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം മഴയില്‍ മണ്‍തിട്ട ഇടിഞ്ഞുവീണിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് വന്‍അപകടം ഒഴിവായത്. ഇത്തരം അപകടങ്ങള്‍ ഇനിയുമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ജെസിബി ഉപയോഗിച്ച് റോഡിനു ഇരുവശത്തെയും മണ്‍തിട്ട ഇടിച്ചുനിരത്തുകയേ ഇതിനു പരിഹാരമുള്ളൂ. ഈ റോഡിനു പുറമേ കാഞ്ഞിരപ്പുഴ-പാലക്കയം, പാലക്കയം- പായപുല്ല് റോഡുകളിലും വന്‍മണ്‍തിട്ടകളുണ്ട്. സ്വകാര്യബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.എത്രയുംവേഗം അപകടകാരികളായ മണ്‍തിട്ടകള്‍ നിരത്തണമെന്ന ആവശ്യം ശക്തമാണ്. മണ്ണാര്‍ക്കാട് നഗരത്തില്‍നിന്നുള്ള വാഹനങ്ങള്‍ ഏറെയും ടിപ്പുസുല്‍ത്താന്‍ റോഡ് വഴിയാണ് കോങ്ങാട് ഭാഗത്തേക്കു പോകുന്നത്.