എടക്കര: മൂത്തേടം പഞ്ചായത്തിലെ 12 പെണ്‍കുട്ടികളുടെ ശൈശവ വിവാഹം സാമൂഹികനീതി വകുപ്പ് ഇടപെട്ട് തടഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഇവരുടെ വിവാഹം നടക്കാനിടയുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. നിലമ്പൂര്‍ കോടതിയില്‍ വിവാഹം തടയാന്‍ ഇടക്കാല ഉത്തരവിറ—ക്കാനായി അപേക്ഷ നല്‍കി.
തുടര്‍ന്ന് കുട്ടികള്‍ക്ക് 18 വയസു പൂര്‍ത്തിയാകുന്നതുവരെ വിവാഹം നടത്തുരുതെന്ന് കാണിച്ച് ഉത്തരവിറങ്ങി. ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമാണ് വിവാഹം നടത്തരുതെന്ന് കാണിച്ച് ഉത്തരവിറങ്ങിയത്. കോടതിയുത്തരവ് ധിക്കരിച്ച് കുട്ടികളുടെ മാതാപിതാക്കളോ മറ്റു ബന്ധപ്പെട്ടവരോ വിവാഹം നടത്തിയാല്‍ കോടതിയലക്ഷ്യമാകും. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അടയ്‌ക്കേണ്ടി വരും.
12 പെണ്‍കുട്ടികളില്‍ ഒരു കുട്ടിക്ക് 15 വയസാണുള്ളത്. 17 വയസുള്ള അഞ്ചു കുട്ടികളും 16 വയസുള്ള ആറു കുട്ടികളുമുണ്ട്. എല്ലാ മതവിഭാഗത്തിലുമുള്ള കുട്ടികളാണുള്ളത്. നിലമ്പൂര്‍ അഡീഷണല്‍ ശിശുക്ഷേമ പദ്ധതി ഓഫീസര്‍ ഡോ. പ്രീതകുമാരിയുടെ നേതൃത്വത്തില്‍ സൂപ്പര്‍വൈസര്‍ മൈമൂനയും ചേര്‍ന്നാണ് അന്വേഷണം നടത്തി വിവരം പുറത്തു കൊണ്ടുവന്നത്.
ഇവര്‍ക്കാവശ്യമായ നിയമസഹായം ജില്ലാ സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള ശിശു സംരക്ഷണ യൂണിറ്റാണ് നല്‍കിയത്. ജില്ലയില്‍ 29 ബാല്യവിവാഹ നിരോധന ഓഫീസര്‍മാര്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാല്യ വിവാഹങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്നു നിര്‍ദേശിച്ചു. ഫോണ്‍ നമ്പര്‍ 8281999256 മുതല്‍ 287 വരെ. സമീര്‍ മച്ചിങ്ങല്‍ ആണ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍. ഫോണ്‍: 04832 978888.