ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: ആരോപണവിധേയര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ അഞ്ചു സിറ്റിംഗ് എംഎല്‍എമാരെ മാറ്റണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കു സുധീരന്‍ തയാറാകാത്തതിനാല്‍ സീറ്റ് ചര്‍ച്ച വഴിമുട്ടി. ഇന്നലെ രാത്രി സ്ക്രീനിംഗ് കമ്മിറ്റിയിലാണു സുധീരന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. വിജയസാധ്യതയാണു പ്രധാനമെന്നും സിറ്റിംഗ് എംഎല്‍എമാരില്‍ അഞ്ചു പേരെ മാത്രം മാറ്റാനാകില്ലെന്നുമുള്ള നിലപാട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എടുത്തിരുന്നു.
തര്‍ക്കം തുടരുന്നതിനാല്‍ ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍തന്നെ തുടരുകയാണ്. ഇന്നുരാവിലെ കേരളത്തിലേക്കു പോരുന്നതിനു എയര്‍പോര്‍ട്ടിലേക്കു പുറപ്പെട്ട മുഖ്യമന്ത്രി യാത്ര റദ്ദാക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നുണ്ട്. അതേസമയം 39 സിറ്റിംഗ് എംഎല്‍എമാരില്‍ 28 പേരുടേതടക്കം 49 സീറ്റുകളില്‍ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ ധാരണയായി. 82 സീറ്റിലാണ്‌കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ഏതാനും സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കവും പുതുമുഖങ്ങളുടെ സ്ഥാനാര്‍ഥിത്വവും അടക്കമുള്ള അന്തിമതീരുമാനം സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പരിഗണനയിലേക്കു നീളുമെന്ന് ഉറപ്പായി. നാളെ രാവിലെ വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന ശേഷം വൈകുന്നേരം തന്നെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ തെരഞ്ഞെടുപ്പു സമിതി ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാനാണ് ശ്രമം. കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക നാളെ രാത്രിയോ വെള്ളിയാഴ്ചയോ പ്രഖ്യാപിക്കും.
ഇരിക്കൂറില്‍ മന്ത്രി കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, തൃപ്പൂണിത്തുറയില്‍ മന്ത്രി കെ. ബാബുവിനു പകരം എന്‍. വേണുഗോപാല്‍, കോന്നിയില്‍ മന്ത്രി അടൂര്‍ പ്രകാശിനു പകരം പി. മോഹന്‍ രാജ്, തൃക്കാക്കരയില്‍ ബെന്നി ബഹനാനു പകരം പി.ടി. തോമസ് എന്നിവരെയും പാറശാലയില്‍ എ.ടി. ജോര്‍ജിനു പകരം നെയ്യാറ്റിന്‍കര സനലിനെയും സ്ഥാനാര്‍ഥിയാക്കണമെന്ന് സുധീരന്‍ നിര്‍ദേശിച്ചതായാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ടെലിവിഷനുകളില്‍ കാണുന്നതപ്പടി ശരിയല്ലെന്നു രാത്രി സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിനു ശേഷം സുധീരന്‍ പറഞ്ഞിരുന്നു.