വിഴിഞ്ഞം: കോവളത്ത് കുടിവെള്ളം കിട്ടാക്കനിയായി ഒരുകൂട്ടം നാട്ടുകാര്‍. സ്വകാര്യ വ്യക്തികള്‍ ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളമാണ് ഇവരുടെ ആശ്രയം. പക്ഷേ ഇതിന് ഒരു കുടം വെള്ളത്തിന് പത്ത് രൂപനല്കണം.നിവര്‍ത്തിയില്ലെങ്കിലും ദാഹമകറ്റാന്‍ ഇതിന് നിര്‍ബന്ധിതരാവുകയാണ് ഇവര്‍. കോര്‍പ്പറേഷനിലെ പൂങ്കുളം വാര്‍ഡിലെ കല്ലടിച്ചാന്‍ മൂലയിലെ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഇതിന് പരിഹാരമായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജന്‍റം ജലവിതരണ പദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു.ഇവിടം പൊതുവേ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ കിണര്‍ കുഴിക്കല്‍ പ്രയോഗികമല്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ പൈപ്പ് കണക്ഷനിലൂടെയുള്ള വെള്ളവും ലഭ്യമല്ല.
ഇതിന് പരിഹാരമായാണ് ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷനില്‍ പെടുത്തി ജലവിതരണ പദ്ധതി തയാറാക്കിയത്. കുടിവെള്ളത്തിനായി നിരന്തരം നടത്തിയ പരാതികള്‍ക്കും പരിദേവനങ്ങള്‍ക്കും ഒടുവിലാണ് ഒരു പദ്ധതി അനുവദിച്ച് കിട്ടിയത്.ഏകദേശം ഒന്നര കോടിയോളം രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് വകയിരുത്തിയിരുന്നത്. എന്നാല്‍ പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ പദ്ധതി പെരുവഴിയിലാകുയായിരുന്നു. കരാറുകാരന്റെ കെടുകാര്യസ്ഥത എന്ന് ഉദ്യോഗസ്ഥര്‍ .ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന് കരാറുകാരന്‍.
75 ഒജ യുടെ പമ്പ്‌സെറ്റും മോട്ടോറുമാണ് ജലവിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായി നിശ്ചയിച്ചിരുന്നത്. ജന്‍റം പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രസ്തുത ഉപകരണങ്ങള്‍ വാങ്ങി നല്‍കാനാകില്ല എന്ന് കരാറുകാരന്റെ നിലപാടാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാര്യങ്ങളുടെ പേരില്‍ കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ടത്രെ.എസ്.സി വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.കരിങ്കല്ല് പൊട്ടിച്ച് ചെറിയ ചല്ലികളാക്കി മാറ്റുന്നജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ ഏറെയും സ്ത്രീകളാണ് .
ഇവരുടെ കൈകുഞ്ഞുങ്ങളെ പകല്‍ നേരത്ത് സംരക്ഷിക്കാനായി ആരംഭിച്ച നഴ്‌സറി സ്കൂളിന്റെയാത്രാ സൗകര്യം പോലും തടസപ്പെടുത്തിയാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. വിവാഹം പോലെയുള്ള ചടങ്ങുകള്‍ നടത്താനുള്ള ഈ പ്രദേശത്തെ സൗകര്യ കുറവ് പരിഹരിക്കാന്‍ എസ്.സി ഫണ്ടില്‍ പെടുത്തി 50 സെന്റോളം വസ്തുവാങ്ങിനല്കിയിരുന്നു. ഈ സ്ഥലത്ത് ഒരുകെട്ടിടവും പണിതിരുന്നു. ഈ കെട്ടിടത്തെയും നശിപ്പിച്ചു കൊണ്ടാണ് ഇവിടെ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.എസ് സി വിഭാഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി വാങ്ങിയ വസ്തുവില്‍ എങ്ങനെ വാട്ടര്‍ടാങ്ക് നിര്‍മിച്ചു എന്നതും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
അഴിമതി ഉണ്ടെന്നാണ് ആരോപണം. വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നസ്ഥലത്തേക്ക് പെപ്പ് ഇടാന്‍ വേണ്ടി ഉണ്ടാക്കിയ കുഴികള്‍ മൂടാത്തതു കാരണം കിലോമീറ്ററുകളോളം ദൂരം റോഡിന്റെ അവസ്ഥയും ദയനീയമാണ്. പൈപ്പ് കുഴിച്ചിടാന്‍ വേണ്ടി കരാറെടുത്തവര്‍ക്ക് ബന്ധപ്പെട്ടവര്‍ തുക നല്‍കാത്തതിനാല്‍ റോഡുകളുടെ അറ്റകുറ്റപണികളും നടക്കുന്നില്ല. ടാങ്ക് നിര്‍മാണത്തിലെ അശാസ്ത്രീയത നിമിത്തം ടാങ്കിന് ലീക്ക് ഉള്ളതായും ടാങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെട്ടിയുയര്‍ത്തിയ കരിങ്കല്‍ ഭിത്തി നിര്‍മ്മാണവും അശാസ്ത്രീയമാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി വികസനത്തിന്റെപേരില്‍ ഏറ്റെടുത്തിട്ടും കുടിവെള്ളം ലഭിക്കാത്തതില്‍ ജനങ്ങള്‍ രോഷാകുലരാണ്.