മൊഹാലിയില്‍നിന്ന് സി.കെ. രാജേഷ്കുമാര്‍
മൊഹാലിയില്‍ തണുത്തുറഞ്ഞ പുല്‍ത്തകിടിയില്‍ തീപ്പൊരി വാരിവിതറിയ വിരാട് കോഹ്‌ലിയുടെ ചിറകില്‍ ഇന്ത്യ ലോകകപ്പ് ട്വന്റി-20യുടെ സെമിയില്‍. വിജയിച്ചാല്‍ മാത്രമേ സെമിയിലെത്തൂ എന്ന അവസ്ഥയില്‍നിന്ന് ഏതാണ്ട് ഒറ്റയ്ക്കു തന്നെ കോഹ്‌ലി ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. ആറുവിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ആദ്യം യുവ്‌രാജിനെയും പിന്നീട് നായകന്‍ മഹേന്ദ്രസിംഗ് ധോണിയെയും കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി നടത്തിയ പോരാട്ടം അക്ഷരാര്‍ഥത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി. 51 പന്തില്‍ ഒമ്പതു ബൗണ്ടറിയും രണ്ടു സിക്‌സും നേടിയ കോഹ്‌ലി 82 റണ്‍സുമായി പുറത്താകാതെനിന്നു. അവസാനത്തെ 25 പന്തില്‍നിന്ന് ധോണി- കോഹ്‌ലി കൂട്ട് 59 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 45 റണ്‍സും കോഹ്‌ലിയുടെ ബാറ്റില്‍നിന്നായിരുന്നു. മികച്ച സ്‌ട്രോക് പ്ലേയിലൂടെ മുന്നേറിയ കോഹ്്‌ലിതന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. സ്‌കോര്‍: ഓസ്‌ട്രേലിയ- 20 ഓവറില്‍ ആറിന് 160. ഇന്ത്യ 19.1 ഓവറില്‍ നാലിന് 161. മുംബൈയില്‍ നടക്കുന്ന സെമിയില്‍ ഇന്ത്യ വിന്‍ഡീസിനെ നേരിടും. ന്യൂസിലന്‍ഡിന്റെ എതിരാളികള്‍ ഇംഗ്ലണ്ടാണ്.
തുടക്കം ഗംഭീരം പക്ഷേ…
അവസാന മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയ ഇരുടീമും വിജയം ലക്ഷ്യമാക്കി ഫീല്‍ഡിലെത്തി. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗിനു തീരുമാനിക്കുകയായിരുന്നു. തീരുമാനം ശരിവയ്ക്കും വിധം ബാറ്റ് വീശിയ ഓസീസ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ആരോണ്‍ ഫിഞ്ചും നെഹ്‌റ ഒഴികെയുള്ള ബൗളര്‍മാരെ കണക്കറ്റു ശിക്ഷിച്ചു. നെഹ്‌റയുടെ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കില്‍ ബുംറയുടെ ഓവറില്‍ നാലു ബൗണ്ടറിയടക്കം 17 റണ്‍സാണ്. ഹാട്രിക് ബൗണ്ടറിയടക്കം ഇതില്‍ 16 റണ്‍സും ഖവാജയുടെ ബാറ്റില്‍നിന്നായിരുന്നു. മിന്നും ഫോമില്‍ കളിച്ച ഖവാജയുടെ മികവ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്കു കൊണ്ടുപോകുമെന്നു തോന്നിപ്പിച്ചു.
3.4 ഓവറില്‍ ഓസ്‌ട്രേലിയ 50 പിന്നിട്ടു. അശ്വിന്റെ തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ സിക്‌സര്‍ പായിച്ച ആരോണ്‍ ഫിഞ്ച് ഫോം അറിയിച്ചു.
നെഹ്‌റയുടെ മൂന്നാം ഓവറില്‍ മൊഹാലിയിലെ പിസിഎ സ്റ്റേഡിയം കൊതിച്ച മുഹൂര്‍ത്തമെത്തി. നെഹ്‌റയുടെ ഫുള്‍ ലെഗ്ത് ഡെലിവറില്‍ കൂറ്റന്‍ അടിക്കു ശ്രമിച്ച ഖവാജയുടെ ബാറ്റില്‍ കൊണ്ട പന്ത് ധോണിയുടെ കൈകളില്‍ വിശ്രമിച്ചു. ഇന്ത്യ കാത്തിരുന്ന നിമിഷം. 16 പന്തില്‍ ആറു ബൗണ്ടറിയുടെ അകമ്പടിയോടെ ഖവാജ 26 റണ്‍സ് നേടി.
ആദ്യ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് ജഡേജ വഴങ്ങിയത്. ജഡേജയും അശ്വിനും ചേര്‍ന്ന് ഓസീസിന്റെ റണ്ണൊഴുക്കു തടഞ്ഞു. ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലാകാതിരുന്ന ഡേവിഡ് വാര്‍ണറെ പുറത്താക്കിക്കൊണ്ട് അശ്വിന്‍ ഇന്ത്യയെ മത്സരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ആറു റണ്‍സെടുത്ത വാര്‍ണറെ അശ്വിന്റെ മികച്ച പന്തില്‍ ധോണി അനായാസം സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.മൊഹാലിയുടെ സ്വന്തം യുവ്‌രാജ് കൂടി ബൗളിംഗിനെത്തിയതോടെ ഓസ്‌ട്രേലിയയുടെ പത്തി പതിയെ താണു. നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കിക്കൊണ്ടാണ് മൊഹാലിയുടെ സ്വന്തം യുവ്‌രാജ് നായകന്റെ വിശ്വാസം കാത്തത്. 34 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ട് സിക്‌സറും നേടിയ ഫിഞ്ചിനെ പാണ്ഡ്യ സ്ക്വയര്‍ ലെഗില്‍ ധവാന്റെ കൈകളിലെത്തിച്ചു.
അവസാന ചാമ്പ്യന്‍ഷിപ്പ് കളിക്കുന്ന ഷെയ്ന്‍ വാട്‌സണായിരുന്നു പിന്നീട് മാക്‌സ്‌വെലിനൊപ്പം കൂടിയത്. എന്നാല്‍, റണ്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ആദ്യ സ്‌പെല്ലില്‍ പരാജയമായിരുന്നു ബുംറയെ തിരിച്ചുകൊണ്ടുവന്നത് ഇന്ത്യക്ക് ബ്രേക് ത്രൂ സമ്മാനിച്ചു. 28 പന്തില്‍ 31 റണ്‍സെടുത്ത മാക്‌സ്‌വെലിനെ ബുംറ ബൗള്‍ഡാക്കി. ഇതോടെ 16.3 ഓവറില്‍ അഞ്ചിന് 130 എന്ന നിലയില്‍ ഓസീസ് പതറി. ഫോക്‌നറെ പുറത്താക്കിക്കൊണ്ട് ഹര്‍ദിക് പാണ്ഡ്യയും തിളങ്ങിയതോടെ വലിയ സ്‌കോര്‍ എന്ന ഓസീസ് സ്വപ്നം തകര്‍ന്നു. എങ്കിലും അവസാന ഓവറിലെ നെവിലിന്റെ മികച്ച പോരാട്ടം അവരെ 160-ലെത്തിച്ചു. 18 റണ്‍സോടെ വാട്‌സണും രണ്ടു പന്തില്‍ 10 റണ്‍സോടെ നെവിലും പുറത്താകാതെ നിന്നു.
ഇന്ത്യക്കു വേണ്ടി ഹര്‍ദിക് പാണ്ഡ്യ നാലോവറില്‍ 36 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മികച്ച രീതിയില്‍ പന്തെറിഞ്ഞ വെറ്ററന്‍ താരം ആശിഷ് നെഹ്‌റ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. യുവ്‌രാജിനും ബുംറയ്ക്കും അശ്വിനും ഓരോ വിക്കറ്റ് ലഭിച്ചു.
സാവധാനം ഇന്ത്യ
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഭേദപ്പെട്ട തുടക്കമാണു നല്‍കിയത്. എന്നാല്‍, സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സെത്തിയപ്പോള്‍ 13 റണ്‍സെടുത്ത ശിഖര്‍ ധവാനെ കോള്‍ട്ടര്‍ നീല്‍, ഫൈന്‍ ലെഗില്‍ ഖവാജയുടെ കൈകളഇലെത്തിച്ചു. ഇന്ത്യ ഓസീസിന് അപകടകരമായ രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ധവാന്റെ വീഴ്ച.
പിന്നാലെയെത്തിയ വിരാട് കോഹ്‌ലി മിന്നും ഫോമിലായിരുന്നു. നേരിട്ട രണ്ടാമത്തെയും മൂന്നാമത്തെയും പന്ത് അതിര്‍ത്തി കടത്തി കോഹ്‌ലി വരവറിയിച്ചു. ഹെയ്‌സല്‍വുഡായിരുന്നു ബൗളര്‍. എന്നാല്‍, അധികം താമസിയാതെ രോഹിത് ശര്‍മയും (12) വീണു. വാട്‌സണ്‍ രോഹിതിനെ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ സുരേഷ് റെയ്‌നയ്ക്കും വലിയ ആയുസില്ലായിരുന്നു. 10 റണ്‍സെടുത്ത റെയ്‌നയെ വാട്‌സണ്‍ നെവിലിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യ 7.4 ഓവറില്‍ മൂന്നിന് 49 എന്ന നിലയില്‍ തകര്‍ന്നു.
ലോക്കല്‍ ഹീറോ യവിയെ ആര്‍പ്പുവിളികളോടെയാണ് കാണികള്‍ വരവേറ്റത്. ഒരു ബൗണ്ടറിയടിച്ച ശേഷം തൊട്ടടുത്ത പന്തില്‍ സിംഗിളിനു ശ്രമിച്ച യുവിക്ക് പേശീവേദന അനുഭവപ്പെട്ടത് ആരാധകരില്‍ ആശങ്കയുണ്ടാക്കി. തുടര്‍ച്ചയായി പേശീവേദന അലട്ടിയ യുവി ഓടാന്‍ ബുദ്ധിമുട്ടി. ഇതിനിടെ, സാംബയുടെ പന്തില്‍ യുവിയെ സ്റ്റംപ് ചെയ്യാനുള്ള അവസരം ഓസീസ് വിക്കറ്റ് കീപ്പര്‍ പാഴാക്കി. അതേ സാംബയ്ക്കിട്ട് സിക്‌സര്‍ അടിച്ചുകൊണ്ട് യുവി മിന്നി. അവിശ്വസനീയ ക്യാച്ചിലൂടെ യുവിയെ വാട്‌സണ്‍ പുറത്താക്കി. ഫോക്‌നറുടെ പന്തില്‍ എക്‌സ്ട്രാ കവറില്‍ വാട്‌സണ്‍ പറന്നു പിടിച്ചു. 18 പന്തില്‍ 21 റണ്‍സായിരുന്നു യുവിയുടെ സംഭാവന.
പിന്നാലെയെത്തിയ ധോണിയെ കൂട്ടുപിടിച്ച് വിരാട് പതിവു പോലെ പടയോട്ടം തുടര്‍ന്നു. മികച്ച റണ്ണിംഗും ബൗണ്ടറികളും കൊണ്ട് ഇരുവരും സ്‌കോര്‍ ഉയര്‍ത്തി. 14.4 ഓവറില്‍ ഇന്ത്യ 100-ലെത്തി. പിന്നീട് കോഹ്‌ലിയുടെ തേരോട്ടമായിരുന്നു. 39 പന്തില്‍ മൂന്നു ബൗണ്ടറിയും മൂന്നു ബൗണ്ടറിയും ഒറു സിക്‌സുമടക്കം കോഹ്‌ലി 50 റണ്ണിലെത്തി. പി്ന്നീട് ഒറ്റ പോക്കായിരുന്നു. 26 പന്തില്‍ ഇരവുടെയും കൂട്ടുകെട്ട് 50 കടന്നു. ഫോക്‌നര്‍ എറിഞ്ഞ 18-ാം ഓവറില്‍ 19 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. കളിയില്‍ നിര്‍ണായകമായതും ഈ ഓവറാണ്. അക്ഷരാര്‍ഥത്തില്‍ ധോണിയെ കാഴ്ചക്കാരനാക്കി നിര്‍ത്തി കോഹ്‌ലി ആടിത്തിമിര്‍ക്കുകയായിരുന്നു. 19-ാം ഓവറില്‍ നാലു ബൗണ്ടറികള്‍ പായിച്ച് കോഹ്‌ലി ഇന്ത്യയെ വിജയത്തിനരികിലെത്തി. 20-ാം ഓവര്‍ തുടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ നാലു റണ്‍സ് മാത്രം. ആദ്യ പന്തില്‍ത്തന്നെ ലോംഗ് ബൗണ്ടറി പായിച്ച് ധോണി ഇന്ത്യയെ വിജയസോപാനമേറ്റി. ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 31 പന്തില്‍ 67 റണ്‍സാണ്. ഷെയ്ന്‍ വാട്‌സണ്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍ബോര്‍ഡ്
ഓസ്‌ട്രേലിയ ബാറ്റിംഗ് ഖവാജ സി ധോണി ബി നെഹ്‌റ 26 (16), ഫിഞ്ച് സി ധവാന്‍ ബി പാണ്ഡ്യ 43 (34), വാര്‍ണര്‍ സ്റ്റമ്പ്ഡ് ധോണി ബി അശ്വിന്‍ 6 (9), സ്മിത്ത് സി ധോണി ബി യുവ്‌രാജ് 2 (6), മാക്‌സ്‌വെല്‍ ബി ബുംറ 31 (28), വാട്‌സണ്‍ നോട്ടൗട്ട് 18 (16), ഫോക്‌നര്‍ സി കോഹ്‌ലി ബി പാണ്ഡ്യ 10 (10), പീറ്റര്‍ നെവില്‍ നോട്ടൗട്ട് 10 (2) എക്‌സ്ട്രാസ് 14 ആകെ 20 ഓവറില്‍ ആറു വിക്കറ്റിന് 160
ബൗളിംഗ് നെഹ്‌റ 4-0-20-1, ബുംറ 4-0-32-1, അശ്വിന്‍ 2-0-31-1, ജഡേജ 3-0-20-0, യുവ്‌രാജ് 3-0-19-1, പാണ്ഡ്യ 4-0-36-2
ഇന്ത്യ രോഹിത് ബി വാട്‌സണ്‍ 12 (17), ധവാന്‍ സി ഖവാജ സി കള്‍ട്ടര്‍നൈല്‍ 13 (12), കോഹ്‌ലി നോട്ടൗട്ട് 82 (51) റെയ്‌ന സി നെവില്‍ ബി വാട്‌സണ്‍ 10 (7), യുവ്‌രാജ് സി വാട്‌സണ്‍ ബി ഫോക്‌നര്‍ 21 (18) ധോണി നോട്ടൗട്ട് 18 (10) എക്‌സ്ട്രാസ് 5, ആകെ 19.1 ഓവറില്‍ നാലിന് 161 ബൗളിംഗ്: ഹെയ്ല്‍സ്‌വുഡ് 4-0-38-0, കോള്‍ട്ടര്‍നൈല്‍ 4-0-33-1, വാട്‌സണ്‍ 4-0-23-2, ഫോക്‌നര്‍ 3.1-0-35-1, മാക്‌സ്‌വെല്‍ 2-0-18-0, സാംബ 2-0-11-0.