ക്രൂരമായ കൊലപാതകം! യുവാവിനെ കൊന്നത് കഴുത്തില്‍ മുണ്ടിട്ട് മുറുക്കി; മരണം ഉറപ്പിക്കാന്‍ ഷോക്കടിപ്പിച്ചു; ഭാര്യയും ഭാര്യാപിതാവും അറസ്റ്റില്‍; സംഭവം കോടഞ്ചേരിയില്‍

crimeകോടഞ്ചേരി: വ്യാഴാഴ്ച രാത്രി കോടഞ്ചേരി പാറമലയിലെ ഭാര്യവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൈലള്ളാംപാറ മുണ്ടക്കല്‍ ജിഷോയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിഷോയുടെ ഭാര്യ ഷീന (31), ഷീനയുടെ പിതാവ് ജോസ് (60) എന്നിവരെ താമരശേരി സിഐ ടി.എ അഗസ്റ്റിനും കോടഞ്ചേരി എസ്‌ഐ ചിത്തരഞ്ജനും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ജിഷോ ഭാര്യ ഷീനയെ മര്‍ദിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ച് ഷീനയെ വെട്ടാന്‍ ശ്രമിക്കുന്നതു കണ്ട് ജോസും ഷീനയുടെ അമ്മ മേരിയും ചേര്‍ന്ന് ജിഷോയെ തടഞ്ഞു. ജിഷോയുടെ വെട്ടേറ്റ് മേരിയുടെ കൈപ്പത്തി മുറിഞ്ഞു. മര്‍ദനമേറ്റ ഷീനയുടെ മുഖം നീരുവന്ന് വികൃതമായി. മല്‍പ്പിടുത്തത്തിനിടയില്‍ ജോസ് ജിഷോയുടെ കഴുത്തില്‍ മുണ്ടിട്ട് മുറുക്കി. ശ്വാസം മുട്ടി നിലത്തു വീണ ജിഷോയെ എഴുന്നേല്ക്കാന്‍ പ്രതികള്‍ അനുവദിച്ചില്ല.

മരണം ഉറപ്പുവരുത്തിയ ശേഷമാണ് കഴുത്തിലെ കുരുക്ക് പ്രതികള്‍ അഴിച്ചത്. ഇതിന് ശേഷമാണ് ജിഷോയെ കട്ടിലില്‍ കിടത്തി ജോസ് ഷോക്ക് ഏല്പിച്ചത്. പിന്നീട് വീട്ടിലെ സ്വിച്ച് ബോര്‍ഡ് തകര്‍ത്തു. സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. ടിപ്പര്‍ ഡ്രൈവറായിരുന്ന ജിഷോ ഭാര്യവീട്ടിലായിരുന്നു താമസം. ഇയാള്‍ സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഷീനയെയും രണ്ടു മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

ഷീനയെയും ജോസിനെയും ജിഷോ വകവരുത്തുമെന്ന ഭയത്താലാണ് കഴുത്തിലെ പിടി അയയ്ക്കാതിരുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കൊലപാതകത്തിന് 302 ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ജിഷോയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയില്‍ നടക്കും.

Related posts