തൃശൂര്‍: നടത്തറ പഞ്ചായത്തിലെ ക്വാറികള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സമരക്കാര്‍ അയ്യന്തോള്‍ കളക്ടറേറ്റിന് മുന്നില്‍ പോലീസ് വാനിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കളകട്‌റുമായി സമരക്കാര്‍ ചര്‍ച്ച തുടങ്ങി. നടത്തറ പഞ്ചായത്തിലെ ക്വാറികള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യ പ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട 40 പേരെ ഇന്നലെ കളക്ടറുടെ നിര്‍ദേശ പ്രകാരം പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഇവരെ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നുമണിയോടെ നമ്പര്‍ ത്രീ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും ഇവര്‍ പോലീസ് വാനില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. കളക്ടറെ ഉപരോധിക്കാനല്ല തങ്ങള്‍ പോയതെന്നും നിവേദനം നല്‍കാനാണ് ചെന്നതെന്നും പ്രശ്‌നപരിഹാരത്തിനായി ഇനിയും കളക്ടറെ കണ്ട് നിവേദനം നല്‍കാന്‍ പോകുമെന്നും ഇവര്‍ പറഞ്ഞു. അപ്പോള്‍ വീണ്ടും കളക്ടര്‍ അറസ്റ്റിന് ഉത്തരവിടുമെന്നതുകൊണ്ട് പോലീസ് വാനില്‍ തന്നെ കഴിച്ചുകൂട്ടാനാണ് തീരുമാനമെന്ന് സമരക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നലെ രാത്രി മുതല്‍ ഇവര്‍ പോലീസ് വാനിലാണ്. ഇന്നുരാവിലെ കള്കടറേറ്റിന് മുന്നില്‍ വണ്ടിയില്‍ നിന്നിറങ്ങാതെ കുത്തിയിരിപ്പ് നടത്തിയ 30 സ്ത്രീകളും 10 കുട്ടികളുമടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചത്് വണ്ടിക്കുള്ളിലിരുന്നാണ്. കനത്ത പോലീസ് സന്നാഹമാണ് കളക്ടറേറ്റിനു മുന്നലിലുള്ളത്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ സമരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളേയും സമരസ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് പരാതിക്കാര്‍ കളക്ടറെ കാണാനെത്തിയത്. പരിസരവാസികളായ 30 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് നിവേദനവുമായി കളക്്ടറെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന ഉറപ്പുനല്‍കാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച ഇവരെ അഞ്ചോടെ അറസ്റ്റുചെയ്തുനീക്കി. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. സമരം ചെയ്യുന്നവരെ ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്ന് മലയോര സംരക്ഷണ സമിതി അറിയിച്ചു. ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മോണിറ്ററിംഗ് സമിതിക്കു രൂപംനല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ക്വാറികള്‍ വനഭൂമിയിലാണെന്ന് കണ്ടെത്തുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഹൈക്കോടതിയും അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്ത ക്വാറികള്‍ തുറക്കാന്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് മലയോര സംരക്ഷണ സമിതിയുടെ ആരോപണം.
സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, പരാതിപറയാനെത്തിയശേഷം കളക്്ടറെ ഉപരോധിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയിരുന്നു. ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണസമിതി കളക്്ടറേറ്റിനു മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍സമരം 20-ാം ദിവസത്തിലേക്ക് പ്രവേശിച്ചു.