എരുമേലി: കുരുന്നായിരിക്കെ മൂന്നാം വയസിൽ നഷ്ടപ്പെട്ടതാണു രശ്മിയുടെ സംസാരശേഷിയും കേൾവിശക്തിയും. ഏറെ ചികിത്സയ്ക്കൊടുവിൽ സംസാരശേഷി തിരികെ കിട്ടിയെങ്കിലും കേൾവിശക്തി രശ്മിയെ വിട്ടകന്നുപോയി.
ഈ പ്രതിസന്ധികളിലൊന്നും തകരാതെ ഉറച്ച ചുവടുവയ്പുകളോടെ രശ്മി നടത്തിയ പ്രയാണത്തിനുള്ള പ്രതിഫലമാണ് സർക്കാർ സർവീസിലെ ജൂനിയർ സൂപ്രണ്ട് പദവി.
എരുമേലി പഞ്ചായത്ത് ഓഫീസിൽ ജൂനിയർ സൂപ്രണ്ടാണു രശ്മി മോഹൻ. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ ഹെഡ് ക്ലർക്കായി ജോലി ചെയ്തശേഷം പ്രമോഷനോടെയാണ് രശ്മി എരുമേലി പഞ്ചായത്ത് ഓഫീസിൽ നിയമിതയാകുന്നത്.
കരുത്തുനേടിയ ബാല്യം
മൂന്നാമത്തെ വയസിൽ രോഗംബാധിച്ച് സംസാര-കേൾവി കഴിവുകൾ നഷ്ടപ്പെട്ടെങ്കിലും മാതാപിതാക്കൾ ആ കുഞ്ഞിനെ ചേർത്തുപിടിച്ചതിന്റെ ഫലമാണ് ഇപ്പോൾ രശ്മി നേടിയിട്ടുള്ള അംഗീകാരങ്ങൾ.
ഭിന്നശേഷികളുണ്ടായിരുന്നെങ്കിലും ഒന്നാം ക്ലാസ് മുതൽ രശ്മിയും സാധാരണകുട്ടികൾക്കൊപ്പം പഠിക്കട്ടെ എന്ന മാതാപിതാക്കളുടെ തീരുമാനമായിരുന്നു വഴിത്തിരിവ്. രശ്മി അവരെ ഒരിക്കലും നിരാശപ്പെടുത്തിയതുമില്ല.
സഹപാഠികളുടെ പുസ്തകം നോക്കി വടിവൊത്ത കൈയക്ഷരത്തിൽ പകർത്തിയെഴുതിയും സ്ഫുടമല്ലാത്ത ശബ്ദത്തിൽ ഉറക്കെ വായിക്കാൻ ശ്രമിച്ചും രശ്മി മുന്നോട്ടുപോയി.
ട്യൂഷനോ മറ്റു പരിശീലനങ്ങളോ കൂടാതെതന്നെ രശ്മിയെ വിജയങ്ങൾ തേടിയെത്താൻ കാരണവും ഈ കരളുറപ്പായിരുന്നു. എസ്എസ്എൽസിക്കും പ്രീഡിഗ്രിക്കും ഫസ്റ്റ് ക്ലാസ്, ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിൽ ഒന്നാം ക്ലാസോടെ വിജയം. ഡിഗ്രിക്ക് ഒറ്റ മാർക്കിനാണ് ഒന്നാം റാങ്ക് നഷ്ടപ്പെട്ടത്.
22-ാം വയസിൽ സർക്കാർ ജോലി
മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയിലായിരുന്നു ആദ്യ ജോലി- ക്ലർക്ക് ട്രെയിനി. 22-ാം വയസിൽ സ്വന്തം പഞ്ചായത്തായ മുത്തോലിയിൽ എൽഡി ക്ലർക്കായി സർക്കാർ സർവീസിൽ പ്രവേശിച്ചു.
രശ്മിയുടെ ബുദ്ധിമുട്ട് മനസിലാക്കിയ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബിനു ജോണാണ് അന്നാവശ്യമായ സഹായങ്ങൾ നൽകിയതെന്നും ആശയവിനിമയത്തിൽ താൻ ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും രശ്മി പറയുന്നു. ഇപ്പോൾ കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് ബിനു.
സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ പുരസ്കാരം 2016-ൽ രശ്മിയെ തേടിയെത്തി. കേരളത്തിലെ ബധിര വനിതകളുടെ സംഘടനയായ ഡെഫ് വുമണ്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ്, ബധിര ഗവണ്മെന്റ് ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്റർ, കോട്ടയം ജില്ലാ അസോസിയേഷൻ ഓഫ് ഡെഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം, കോട്ടയം ഡെഫ് വുമണ്‍സ് ഫോറം ചെയർപേഴ്സണ്‍ എന്നീ നിലകളിലും രശ്മി പ്രവർത്തിച്ചുവരുന്നു. അനിൽകുമാറാണ് ഭർത്താവ്. പാർവതി, ശിവാനി എന്നിവർ മക്കൾ.