കേച്ചേരി: ഖത്തറിലെ മലയാളികൂട്ടായ്മയായ നന്മ കേച്ചേരി കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ മാതൃക കാണിക്കുന്നു. സാമൂഹ്യ സുരക്ഷയേയും സഹജീവി കാരുണ്യത്തേയും കൂട്ടിയിണക്കിയുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് നന്മ പ്രവര്‍ത്തകരെ ശ്രദ്ധേയരാക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍, കൈപ്പറമ്പ് പഞ്ചായത്തുകളില്‍നിന്നും തൊഴില്‍ തേടി ഖത്തറിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നന്മ എന്ന നാട്ടുകൂട്ടത്തിന് രൂപം നല്‍കിയത്. നിശ്ചിതതുക മാസംതോറും നീക്കിവച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ തങ്ങളോടൊപ്പം നിര്‍ത്തുവാനുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് നന്മ പ്രവര്‍ത്തകര്‍ ആദ്യം ആവിഷ്കരിച്ചത്.
വിവാഹസഹായം, രോഗീസഹായം എന്നിവ നടപ്പാക്കിവരുന്നു. ഹൃദയശസ്ത്രക്രിയക്കും കാന്‍സര്‍ രോഗ ഡയാലിസിസിനുമുള്ള തുക പഞ്ചായത്തംഗങ്ങളുടെ സമ്മതപത്രത്തോടെയാണ് നല്കുന്നത്. റോഡപകടങ്ങളില്‍ 24 മണിക്കൂറും സന്നദ്ധ സേവനം നടത്തുന്ന ആക്ട്‌സ് കേച്ചേരി ശാഖയ്ക്ക് 13 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലന്‍സ് നല്കിയത്. നേരത്തെ നിര്‍ധന യുവതികള്‍ക്ക് തയ്യല്‍മെഷീനുകളും നല്കിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരേയും ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി-ബിരുദ-ബിരദാനന്തര വിദ്യാര്‍ഥിപ്രതിഭകളേയും ആദരിക്കുന്നുണ്ട്.
ജീവിക്കുക, അതോടൊപ്പം മറ്റുള്ളവരെ കൂടി ജീവിപ്പിക്കുക എന്നതാണ് നന്മ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. സഹജീവികാരുണ്യപ്രവര്‍ത്തനങ്ങളില്‍ തന്നെയാണ് നന്മ ശ്രദ്ധയൂന്നുന്നതെന്നും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും പ്രസിഡന്റ് എം.ആര്‍.മുസ്തഫ, ജനറല്‍ സെക്രട്ടറി വി.എം. ബാബു, ട്രഷറര്‍ സുബൈര്‍ സിദ്ധിഖ് എന്നിവര്‍ പറഞ്ഞു.