ഗംഭീര്‍ കളിക്കും

SP-GUMBEERകൊല്‍ക്കത്ത: ലോകേഷ് രാഹുലിന് പുറമെ രണ്ടാം ടെസ്റ്റ് കളിച്ച ശിഖര്‍ ധവാനും പരിക്കേറ്റതോടെ ഗൗതം ഗംഭീറിന് രണ്ടു വര്‍ഷത്തിനുശേഷം ടെസ്റ്റില്‍ ഇന്ത്യന്‍ കുപ്പായമണിയാന്‍ അവസരമൊരുങ്ങുന്നു. പരിക്കേറ്റ ലോകേഷ് രാഹുലിന് പകരം കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും ഗംഭീറിന് കളിക്കാനായിരുന്നില്ല.

അതേസമയം മൂന്നാം ടെസ്റ്റില്‍ ധവാന് പകരം ടീം ഇന്ത്യയില്‍ സ്ഥാനം പിടിച്ച മലയാളി താരം കരുണ്‍ നായര്‍ക്ക് ഇത്തവണയും പുറത്തിരിക്കേണ്ടിവരും. ഇത് രണ്ടാം തവണയാണ് ടീമിലിടം ലഭിച്ചിട്ടും ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിക്കാതിരിക്കുന്നത്. സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുമായി ശ്രദ്ധയാകര്‍ഷിച്ച കരുണ്‍ 2015–16 രഞ്ജി ട്രോഫി സീസണില്‍ കര്‍ണാടകയുടെ മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരുന്നു.

ഈവര്‍ഷം ജൂണില്‍ സിംബാബ്്വെക്കെതിരായ പരമ്പരയില്‍ രണ്ടു ഏകദിനങ്ങളില്‍ ബാറ്റേന്താന്‍ കരുണിന് അവസരം ലഭിച്ചിരുന്നു. 2015ല്‍ ലങ്കന്‍ പര്യടനത്തിനിടെ മുരളി വിജയിന് പരിക്കേറ്റപ്പോള്‍ കരുണിനെ ടീമിലെടുത്തിരുന്നുവെങ്കിലും ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. ദുലീപ് ട്രോഫിയില്‍ അഞ്ചു കളികളില്‍ നാല് അര്‍ധസെഞ്ചുറികളടക്കം 356 റണ്‍സടിച്ചതാണ് ഗംഭീറിനു ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയത്.

Related posts