നാദാപുരം: പുറമേരി കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമിയുടെ മിന്നും താരം ഗനി അഹമ്മദ് നിഗം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ പൂന എഫ്‌സി യില്‍ ഇടം നേടി. പൂന എഫ്‌സിയുടെ അണ്ടര്‍ 19 ഐ ലീഗ് ടീമിലാണ് നാദാപുരം പുളിക്കൂല്‍ സ്വദേശിയായ ഗനി ഇടം നേടിയത്്. ഇല്ലായ്മകളുടെ നടുവില്‍ നിന്നാണ് ഈ കൊച്ചു മിടുക്കന്‍ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.കോഴിക്കോട് ഫറൂഖ് കോളജില്‍ നടന്ന സെലക്ഷന്‍ ക്യാമ്പില്‍ കേരളത്തില്‍ നിന്ന് ആറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതില്‍ ഗനി അഹമ്മദ് നിഗം മാത്രമാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ പൂനെ ടീമിലിടം നേടിയത്.
ഒട്ടേറെ രാജ്യാന്തര മത്സരങ്ങളില്‍ കളിച്ച ഗനി പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളില്‍ ഒളിമ്പ്യന്‍ റഹ്മാന്‍ മെമ്മോറിയല്‍ അക്കാദമിയില്‍ എട്ടാം വയസ്സിലാണ് പരിശീലനം തുടങ്ങിയത്. 2012ല്‍ അണ്ടര്‍ 14ല്‍ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. ഡല്‍ഹിയില്‍ നടന്ന സുബ്രതോ മുഖര്‍ജി ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ സ്കൂള്‍ ടീമിനെതിരെ ഏഴ് ഗോളുകള്‍ നേടി ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയിരുന്നു. ടീം കളിയില്‍ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. 2015ല്‍ ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ മലപ്പുറം എംഎസ് സ്കൂളിന് ചാമ്പ്യന്‍ഷിപ്പ് നേടി കൊടുക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുമായി.
കടത്തനാട് രാജ ഫൂട്‌ബോള്‍ അക്കാദമി കോച്ച്മാരായ അഡി. എസ്‌ഐ സി. സുരേന്ദ്രന്‍, എം.കെ പ്രദീപ് എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. സുബ്രതോ കപ്പില്‍ മലപ്പുറം എംഎസ് പിയിലെ കോച്ച് ബിനോയ് പരിശീലകനായിരുന്നു. മികച്ച ഗ്രൗണ്ടോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് അക്കാദമി ഗനിയെ നേട്ടങ്ങളുടെ നെറുകെയിലെത്തിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 180 പേര്‍ കടത്തനാട് ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്.