നമുക്ക് അമ്മയാകുന്നതിനു മുമ്പുള്ള തയാറെടുപ്പിലേക്കു കടക്കാം. അമ്മയ്ക്കു പ്രശ്‌നങ്ങളൊന്നും കൂടാതെ, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് അവിചാരിതമായുണ്ടാകുന്ന ഗര്‍ഭത്തെക്കാള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഗര്‍ഭം ധരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ടോ കുടുംബത്തിലുള്ളവരുടെ അസുഖങ്ങള്‍, ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ ഇവയെക്കുറിച്ചൊക്കെ അന്വേഷിക്കുകയും നിങ്ങളെ വിശദമായി പരിശോധിക്കുകയും ചില രക്തപരിശോധനകള്‍ നടത്തുകയും ചെയ്യും. ഇവയില്‍ ഏറ്റവും പ്രധാനം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും പ്രമേഹവുമാണ്.
നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന ആളാണെങ്കില്‍ അതു നിറുത്തി മൂന്നു മാസം കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമം. ഇത് കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകും എന്നതു കൊണ്ടല്ല, മാസമുറ കൃത്യമാക്കാനാണ്. പുകവലി. മദ്യപാനം, മറ്റു ലഹരി മരുന്നുകള്‍ മുതലായവയുടെ ഉപയോഗം ഗര്‍ഭധാരണത്തിനു മുമ്പ് നിറുത്തണം. നിങ്ങള്‍ പുകവലിക്കുന്നതും മറ്റുള്ളവര്‍ വലിക്കുന്ന പുകയേല്‍ക്കുന്നതും മാസം തോറും അണ്ഡാശയത്തില്‍നിന്നു പുറത്തുവരുന്ന അണ്ഡത്തേയും ബീജങ്ങളുടെ ചലനശക്തിയെയും ബാധിക്കും. വന്ധ്യതയുടെ കാരണങ്ങളില്‍ 13 ശതമാനം പുകവലി മൂലമാണ്. മാത്രമല്ല, അത് ഗര്‍ഭം അലസല്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവും ബുദ്ധിമാന്ദ്യവുമുള്ള കുഞ്ഞുങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.
അഞ്ചാംപനി, ചിക്കന്‍പോക്‌സ് തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷിയില്ലെങ്കില്‍ കുത്തിവയ്‌പെടുത്തിട്ട് മൂന്നു മാസം കഴിഞ്ഞിട്ട് ഗര്‍ഭിണിയാകുന്നതാണ് ഉത്തമം. ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി പിടിപെട്ടാല്‍ ഗുരുതരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാം.
അമ്മയ്ക്ക് ആരോഗ്യകരമായ തൂക്കം ഉണ്ടായിരിക്കുന്നതാണ് നല്ലത്. തൂക്കം കൂടുതലുള്ളവരില്‍ ര്ക്തസമ്മര്‍ദ്ദം, പ്രമേഹം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍, അംഗവൈകല്യമുള്ള കുട്ടികള്‍ എന്നിവ കൂടുതലായി കാണുന്നു. വ്യായാമമുറകളിലൂടെ തൂക്കം കുറയ്ക്കുക വഴി ധൈര്യസമേതം ഗര്‍ഭത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു. മാത്രമല്ല, ഈ വ്യായാമമുറകള്‍ ഗര്‍ഭകാലത്തും തുടരുക വഴി അമ്മയ്ക്കും കുഞ്ഞിനും പല പ്രയോജനങ്ങളും കിട്ടുന്നു. പല്ലുവേദനയുള്ളവര്‍ ഡെന്റിസ്റ്റിനെ കണ്ടും ചികിത്സിക്കണം. അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.
മറ്റ് അസുഖമുള്ള സ്ത്രീകള്‍ക്ക് ഗൈനക്കോളജിസ്റ്റിനു പുറമേ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ കൂടി കണ്ട് ഒരുമിച്ച് ചികിത്സ വേണ്ടിവരും. ഹൃദയത്തിന് അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, അപസ്മാരം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയില്ലാത്തവര്‍, ശ്വാസംമുട്ടുള്ളവര്‍ എന്നിവരെല്ലാം ഇതിനു ഉദാഹരണങ്ങളാണ്, പ്രത്യേകിച്ച് ഹൃദയവാല്‍വിനു ചികിത്സ തേടുന്നവര്‍. വാര്‍ഫാറിന്‍ എന്ന രക്തം പിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മാറ്റിയിട്ട് മറുപിള്ള ഴി കുഞ്ഞിലേക്കു പ്രവേശിക്കാത്ത ഹെപാരിന്‍ എന്ന മരുന്ന് ഉപയോഗിക്കണം. മാത്രമല്ല, ഹൃദയത്തിന് അസുഖമുള്ളവര്‍ ഹൃദയപ്രവര്‍ത്തനം ശരിയാണെന്നു ഡോക്ടര്‍ ഉപദേശിച്ചാല്‍ മാത്രം ഗര്‍ഭം ധരിക്കുക. അല്ലെങ്കില്‍ അതിനു പ്രതിവിധി എടുത്ത ശേഷം മതി ഗര്‍ഭധാരണം. എന്തെന്നാല്‍, ഗര്‍ഭിണികള്‍ക്ക് ഹൃദയമിടിപ്പ് കൂടും രക്തത്തിന്റെ അളവും കൂടും ഹൃദയത്തിന്റെ പമ്പിംഗും കൂടും. ഇതു ദോഷഫലങ്ങളുണ്ടാക്കും. ഭാഗ്യവശാല്‍ ഇന്നു ഗര്‍ഭധാരണം പാടില്ല എന്നു പറയുന്ന അസുഖങ്ങള്‍ വളരെ കുറവാണ്.
അപസ്മാരമുള്ള 90 ശതമാനം പേര്‍ക്കും പ്രശ്‌നങ്ങളൊന്നും കാണാറില്ല. എന്നാലും മരുന്നു കഴിച്ച് ഫിറ്റ്‌സ് നിയന്ത്രണവിധേയമാക്കിയിട്ട് ഗര്‍ഭം ധരിക്കുക. കുഞ്ഞിനു വളരെ ദോഷം ചെയ്യാത്ത മരുന്നുകള്‍ ഉപയോഗിക്കുക. മാത്രമല്ല, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഫോളിക് ആസിഡ് എന്ന ഗുളിക ഗര്‍ഭകാലത്തു മുഴുവന്‍ കഴിക്കണം. ഇതുവഴി തലച്ചോറിനുണ്ടാകുന്ന ചില അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.
പ്രമേഹമാണു മറ്റൊരു പ്രധാന വില്ലന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കിയ ശേഷമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഗര്‍ഭം അലസല്‍, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം. ചിലപ്പോള്‍ വളരെ തൂക്കം കൂടിയ കുഞ്ഞായിരിക്കാം. ഇതുവഴി കുഞ്ഞിനു കോട്ടല്‍, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍ മുതലായവയും ഉണ്ടാകും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കിയ ശേഷം മാത്രം ഗര്‍ഭം ധരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. ഗര്‍ഭകാലത്തു മുഴുവന്‍ ഒരു എന്റോക്രൈനോളജിസ്റ്റിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കേണ്ടതും വളരെ പ്രധാനമാണ്. ഇതിനു ചിലപ്പോള്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും.
ഗര്‍ഭകാലത്തിനു മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ പ്രധാനമാണ്. മുഖക്കുരുവിനു കഴിക്കുന്ന റെറ്റിനോയ്ഡ്‌സ്, ടെട്രാസൈക്ലിന്‍, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള സ്റ്റാറ്റിന്‍സ് ഇവയുടെ ഉപയോഗം നിറുത്തണം. അധിക പ്രഷറിനു കഴിക്കുന്ന എസിഇ ഇന്‍ഹിബിറ്റേഴ്‌സ് എന്ന മരുന്നിനു പകരം കുഞ്ഞിനു ദോഷം ചെയ്യാത്ത മരുന്നിലേക്കു മാറണം. എല്ലാം ശരിയായി നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫോളിക് ആസിഡ് എന്ന ഗുളിക കഴിച്ചുതുടങ്ങണം. തലച്ചോറിലും സ്‌പൈനല്‍ കോഡിലും ഉണ്ടാകുന്ന ഒരു അസുഖം ഇതു കുറയ്ക്കും.
പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ ആശുപത്രി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആവശ്യമായ സ്‌പെഷലിസ്റ്റുകള്‍, സങ്കീര്‍ണ പ്രസവമെടുത്തു പരിചയമുള്ള ഗൈനക്കോളജിസ്റ്റുകള്‍, പ്രസവശേഷം കുഞ്ഞിന്റെ ഏതു പ്രശ്‌നവും പരിഹരിക്കാനുള്ള നിയോനാറ്റോളജിസ്റ്റ്, ജനിച്ച കുഞ്ഞിനെ പരിചരിക്കാനുള്ള ഐസിസിഐ സൗകര്യം ഇവയെല്ലാം ഉണ്ടായിരിക്കണം.
ഡോ. ഗിരിജ ഗുരുദാസ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്, കിംസ് ആശുപത്രി, തിരുവനന്തപുരം