തൃശൂര്‍: ചലനശേഷി പരിമിതപ്പെ ട്ടവര്‍ക്ക് ജീവിതം ബാക്കിയുണ്ടെന്ന് തിരിച്ചറിയണമെന്നും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സര്‍ക്കാരും സമൂഹവും മടിക്കരുതെന്നും ഓള് കേരള വീല്‍ചെയര്‍ ഫ്രണ്ട്സ് റൈറ്റ്സ് കൂട്ടായ്മ. ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ ഹോസ്പീസില്‍ നടന്ന ജില്ലാ സംഗമം സൊലേസ് സ്ഥാപക ഷീബ അമീര്‍ ഉദ്ഘാടനംചെയ്തു. തങ്ങളുമായി ബന്ധപ്പെടുന്ന സാമൂഹ്യക്ഷേമ വകുപ്പ്, കളക്ടറേറ്റ്, ജില്ലാ ലോട്ടറി ഓഫീസ് തുടങ്ങിയവ താഴത്തെനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്നും ഓഫീസുകളിലേക്ക് വീല്‍ചെയറില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കണമന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
അപകടങ്ങളില്‍പെടുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ കോളജുകളില്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, സ്വയംതൊഴിലിനായി പലിശരഹിത വായ്പ, സര്‍ക്കാര്‍ ചെലവില്‍ അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. തങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാനും ഏറ്റവും ആശ്വാസമാകുന്നത് ഇന്റര്‍നെറ്റ് കൂട്ടായ്മകളാണ്. ഇതിനായി ഇന്റര്‍നെറ്റ് കണക്ഷന് സൗജന്യമായി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആവശ്യങ്ങളുന്നയിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കും. മംഗളം റസിഡന്റ് എഡിറ്റര്‍ ജോയ് എം. മണ്ണൂര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ബിജു പോള്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്, എം.എസ്. ബാബു, ഡോ. ആനന്ദം ഗോപിനാഥ്, ഫിസിയോതെറാപ്പിസ്റ്റ് അജീഷ്, രാജന് പട്ടത്ത്, രാജഗോപാല്‍ മാള, കവിത ഞമനേങ്ങാട്, പ്രദീഷ് പുല്ലൂറ്റ്, പ്രജിത് ഗുരുവായൂര്‍, ഉണ്ണികൃഷ്ണന് മരത്താക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.