ചികിത്സയിലിരിക്കെ നാലുവയസുകാരി മരിച്ച സംഭവം; ചികിത്സാപിഴവെന്നു ബന്ധുക്കള്‍; വീഴ്ചപറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

ktm-maranamഅടിമാലി: താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലുവയസുകാരി മരിച്ചു. ചികിത്സയിലെ പിഴവാണു മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. കല്ലാര്‍കൂട്ടി പീടികതറയില്‍ ഷിബു -ജെസി ദമ്പതികളുടെ ഏകമകള്‍ എയ്ഞ്ചലാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണു മരണം സംഭവിച്ചത്. ശക്തമായ പനി, മൂത്രത്തില്‍ അണുബാധ എന്നീ അസുഖങ്ങള്‍ക്ക് എയ്ഞ്ചലിനെ മൂന്നിന് അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. രക്തത്തില്‍ കൗണ്ടും കൂടുതലായിരുന്നു.

ബുധനാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ കുട്ടിക്കു ശക്തമായി പനിയുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ ശ്വാസംമുട്ടലും പനിയും മൂര്‍ച്ഛിച്ചു. രാത്രിയിലും ഡോക്ടറെത്തി കുട്ടിക്കു ചികിത്സ നല്‍കി. കുട്ടി കഴിഞ്ഞദിവസം പട്ടിയെ കണ്ടു പേടിച്ചിരുന്നു. ഇതുകാരണമാകാം നിലയ്ക്കാത്ത പനിയെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍. കുഞ്ഞിനു ഭക്ഷണം നല്‍കുന്നതിനിടയില്‍ അപസ്മാരംപേലെയുള്ള അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ബന്ധുക്കള്‍ കുഞ്ഞിനെ നഴ്‌സിംഗ് റൂമില്‍ എത്തിച്ചു. നഴ്‌സുമാര്‍ ഉടന്‍ പ്രാഥമിക ചികില്‍സ നല്‍കി. ഡ്യൂട്ടി ഡോക്ടറേയും ശിശുരോഗ വിദഗ്ധയേയും വിവരമറിയിച്ചു.

എന്നാല്‍ അരമണിക്കൂറിനുശേഷമാണു ഡ്യൂട്ടി ഡോക്ടര്‍ എത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡോക്ടര്‍ എത്തിയപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചിരുന്നു.ജൂലൈ 31നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. രണ്ടുദിവസം ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ മരുന്നു വാങ്ങിയെങ്കിലും രക്തത്തിന്റെ കൗണ്ട് കുറഞ്ഞില്ല. ഇതിനാലാണ് ഇവിടെ അഡ്മിറ്റുചെയ്തത്. കുഞ്ഞിന്റെ മരണം ആശുപത്രി അധികാരികളുടെ അനാസ്ഥയെന്ന് ആരോപിച്ച് നാട്ടുകാര്‍ ആശുപത്രിയില്‍ ബഹളംവച്ചു.

തഹസില്‍ദാരും ഡിഎംഒയും എത്തിയശേഷം ഇന്‍ക്വസ്റ്റ് നടത്തിയാല്‍ മതിയെന്നു നാട്ടുകാര്‍ വാശിപിടിച്ചു. എന്നാല്‍ ഇവര്‍ എത്താന്‍ വൈകുമെന്നതിനാല്‍ അടിമാലി സിഐ യൂനസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി ഒരുമണിയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തിനു കൊണ്ടുപോയി. ഉച്ചകഴിഞ്ഞു മൂന്നോടെ ഡിഎംഒയും തഹസില്‍ദാരും ആശുപത്രിയില്‍ എത്തി. കുഞ്ഞിന്റെ മരണത്തില്‍ ആശുപത്രി അധികാരികള്‍ക്ക് അനാസ്ഥ സംഭവിച്ചിട്ടുണേ്ടായെന്ന് അന്വേഷിക്കുമെന്ന് ഡിഎംഒ ടി.ആര്‍. രേഖ പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ചികില്‍സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും യഥാസമയം ചികില്‍സ നല്‍കിയിരുന്നെന്നും അടിമാലി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related posts