പാലോട് : ശരീരമാസകലം പരിക്കേറ്റ് നാട്ടിലിറങ്ങിയ കാട്ടാനയ്ക്ക് കാര്യമായ ചികിത്സ നല്കുന്നതില് വനംവകുപ്പ് പരാജയപ്പെട്ടതായി ആക്ഷേപം.
ഒരാഴ്ച്ച കഴിഞ്ഞിട്ടും ആനയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ വനംവകുപ്പിനായിട്ടില്ല. ഒത്ത പൊക്കവും തുമ്പികൈയ്ക്ക് അസാമാന്യ നീളവുമുള്ള അപൂര്‍വം കാട്ടാനകളിലൊന്നാണ് വനംവകുപ്പിന്റെ അനാസ്ഥയില്‍പ്പെട്ട് അത്യാസ നിലയിലേക്ക് പോകുന്നത്. മുപ്പതു വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ കുളത്തൂപ്പുഴ റേഞ്ചിലെ ശാസ്ഥാംനട മുപ്പതടിപ്രദേശത്തു വന്നുനില്ക്കുന്നത്.
വയറിന്റെ അടിഭാഗത്തും, മസ്തകത്തിലും, മുന്‍കാലിലും കാര്യമായ പരിക്കുണ്ട്. ആദ്യ ദിവസങ്ങളില്‍ കാണുമ്പോള്‍ ആനയുടെ നില ഇത്രകണ്ട് മോശമായിരുന്നില്ലന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പിന്റെ ഡോ. ജയകുമാര്‍ ആണ് ആനയെ ചികിത്സിക്കുന്നതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എട്ടു ദിവസത്തിനുള്ളില്‍ ഒരു ദിവസം മാത്രമാണ് ഡോക്ടര്‍ സ്ഥലത്തെത്തിയത്. ബാക്കി ദിവസങ്ങളിലെല്ലാം സമീപത്തെ പശുവിനെയും ആടിനേയും ചികിത്സിക്കുന്ന ഒരു വെറ്ററിനറീ ഡോക്ടറാണ് ആനയെ ചികിത്സിക്കുന്നത്.മാതംഗലീല എന്ന പുകസ്തകത്തെ ആധാരമാക്കിയാണ് മുമ്പ് ആനയ്ക്ക് നാട്ടു വൈദ്യന്മാര് ചികിത്സ നടത്തിയിരുന്നത്. പുതിയകാലത്ത് ഈ ചികിത്സകളൊന്നും പ്രയോഗികമല്ല. പക്ഷേ ഇവിടെ നടക്കുന്നത് ഇപ്പോഴും പഴയരീതിതന്നെ.
വാഴപ്പഴം, കൈതച്ചക്ക, വാഴത്തട എന്നിവയില്‍ ആന്റി ബയോട്ടിക്ക് മരുന്നുകള്‍ നിറച്ച് ആനക്ക് ചികിത്സ നല്കുന്നു എന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ ചികിത്സ തുടരുന്നുണ്ട്. എന്നിട്ടും ആനയുടെ നിലയില്‍ മാറ്റമില്ല. ആനയുടെ ജീവന് ഓരോ ദിവസം കഴിയുന്തോറും അപകടകരമായി മാറുകയാണ്. വെള്ളക്കെട്ടിനു സമീപമാണ് ആന നില്‍ക്കുന്നത്.
ഇവിടെ നിന്നും മാറിയാലെ ആനയെ മയക്കു വെടിവച്ച് ചികിത്സിക്കാനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും വനംവകുപ്പിന് അതു സാധിച്ചിട്ടില്ല. ആനയുടെ സമീപത്ത് രാപ്പകല്‍ രണ്ട് വനപാലകര്‍ മാത്രമാണുള്ളത്. പെരിങ്ങമ്മല അഗ്രിഫാമിനു സമീപം ജനനേന്ദ്രിയത്തിന് മാരക മുറിവേറ്റ് നാട്ടിലെത്തിയ കാട്ടാനയ്ക്ക് രണ്ടുവട്ടം മയക്കുവെടിവച്ച് ചികിത്സ നടത്താന്‍ ഒരാഴ്ച്ച മതിയായിരുന്നു.
എന്നാല്‍ ശാസ്താം നടയില്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും കാട്ടാനക്ക് കൃത്യമായചികിത്സ നടത്താന്‍ അധികൃതര്‍ക്കായിട്ടില്ല. മുന്‍ കാലുകള്‍ മടങ്ങിത്തുടങ്ങി. ആന മുന്‍ കാലുകള്‍ മടക്കി നില്ക്കാന് തുടങ്ങുന്നത് ഏറെ അപകടകരമാണന്ന് വനംവകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.