മനിലമ്പൂര്‍: വൃദ്ധകളെ കബളിപ്പിച്ചു പണവും ആഭരണവുമായി മുങ്ങുന്ന തട്ടിപ്പുവീരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി വാകേരി കല്ലൂര്‍കുന്ന് സ്വദേശി പന്തലായനിക്കല്‍ ശിവദാസന്‍ എന്ന മുക്കം ശിവദാസ (42)നെയാണ് നിലമ്പൂര്‍ എസ്‌ഐ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വണ്ടൂര്‍ തൃക്കേക്കുത്ത് സ്വദേശി കുന്നുംപറമ്പത്ത് കാര്‍ത്ത്യായനി എന്ന വൃദ്ധയുടെ മാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
അടുത്ത പരിചയം നടിച്ച് രോഗവിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം പ്രായമായവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായമായി 1.35 ലക്ഷം രൂപ ബാങ്ക് വഴി നല്‍കുന്നുണ്ടെന്നും ഇതു പാസായിട്ടുണ്ടെന്നും ഇതിനുള്ള അപേക്ഷകളും മറ്റും വാങ്ങുന്ന ചെലവിലേക്കായി 6000 രൂപ ബാങ്കില്‍ അടക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാല കൈക്കലാക്കി ഇയാള്‍ കടന്നത്.തന്റെ കയ്യിലെ മോതിരവും വൃദ്ധയുടെ മാലയും പണയം വച്ച് 6000 രൂപ ബാങ്കിലടക്കാമെന്നും ചികിത്സാ സഹായം ലഭിക്കുമ്പോള്‍ തിരിച്ചെടുക്കമെന്നും ബോധ്യപ്പെടുത്തിയാണ് കാര്‍ത്ത്യായനിയെ കബളിപ്പിച്ചത്.
കാര്‍ത്ത്യയനിയുടെ മക്കളുടെ പേരുകള്‍ ചോദിക്കുകയും അവരെ തനിക്കറിയാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തതോടെയാണ് കാര്‍ത്ത്യായനി മാല ഊരി നല്‍കിയത്. കബളിക്കപ്പെട്ടെന്നു ബോധ്യപ്പെട്ടതോടെയാണ് ഇവര്‍ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുക്കം നെല്ലിക്കാ പറമ്പ് വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ബത്തേരി സ്വദേശിയണെങ്കിലും മുക്കത്താണ് ശിവദാസന്റെ താമസം. 2014ല്‍ വടകര ഗവണ്‍മെന്റ് ആശുപത്രി പരിസരത്തു നിന്നു സമാനമായ കുറ്റകൃത്യത്തിനു ഇയാളെ പോലീസ് പിടികൂടിയിരുന്നു.
കൊയിലാണ്ടി, താമരശേരി, വടകര, പേരാമ്പ്ര തുടങ്ങി എട്ടു സ്ഥലങ്ങളില്‍ നടന്ന തട്ടിപ്പുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ സിഐ കെ.എം ദേവസ്യ, എസ്‌ഐ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.