മങ്കൊമ്പ്: ചിത്തിരക്കായലില്‍ വിനോദസഞ്ചാരികളുമായി ഉല്ലാസയാത്ര നടത്തിക്കൊണ്ടിരുന്ന ഹൗസ്‌ബോട്ടിനു തീ പിടിച്ചു. ബോട്ടിലുണ്ടായിരുന്ന പത്തു യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കോഴിക്കോടുനിന്നും കായല്‍യാത്രയ്‌ക്കെത്തിയ വിനോദസഞ്ചാരികളുമായി ചിത്തിരക്കായലിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഹൗസ്‌ബോട്ടിന്റെ അടുക്കളയില്‍നിന്നും ബോട്ടിലേക്കു തീ പടര്‍ന്നത്.
തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ബോട്ട് കരയില്‍ അടുപ്പിക്കുകയും യാത്രക്കാരെ സുരക്ഷിതരായി കരയ്ക്കിറക്കുകയും ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. തുടര്‍ന്ന് ജീവനക്കാരും മറ്റു ബോട്ടുകളിലെ ജീവനക്കാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീയണയ്ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. കായലില്‍ കാറ്റ് ശക്തമായിരുന്നതിനാല്‍ വളരെ വേഗം തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ബോട്ടിന്റെ മേല്‍ക്കൂരയും രണ്ടു മുറികളും പൂര്‍ണമായി കത്തിനശിച്ചു. പുളിങ്കുന്ന് പോലീസ്, ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.