ചുട്ടുപൊള്ളുന്ന വെയിലേറ്റ് യാത്രക്കാര്‍; മേല്‍ക്കൂര പ്രഖ്യാപനത്തില്‍ മാത്രം

alp-railstationകായംകുളം: മാതൃകാ സ്‌റ്റേഷന്‍ എന്ന പദവിയില്‍ അവഗണനയുടെ ട്രാക്കില്‍ നില്‍ക്കുന്ന കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കുമെന്ന ജനപ്രതിനിധികളുടെയും റെയില്‍വേ അധികൃതരുടെയും വാഗ്ദാനം പ്രഖ്യാപനത്തില്‍ ഒതുങ്ങി. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഉടന്‍ എസ്കലേ റ്റര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ നിര്‍മാണവും പൂര്‍ത്തിയായില്ല. സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് വര്‍ഷങ്ങളായി മേല്‍ക്കൂരയില്ലാതെ യാത്രക്കാര്‍ ദുരിത യാത്ര നടത്തുന്നത്.

ചുട്ടുപൊള്ളുന്ന വെയിലേറ്റ് യാത്രക്കാര്‍ ട്രെയിന്‍ കാത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ദുരിതം പേറി നില്‍ക്കേണ്ട അവസ്ഥയാണ്. മഴക്കാലത്താകട്ടെ യാത്രക്കാര്‍ ട്രെയിനില്‍ വന്നിറങ്ങുന്നതും ട്രെയിനില്‍ കയറുന്നതും നനഞ്ഞു കുളിച്ചാണ്. മേല്‍ക്കൂര ഇല്ലാത്ത ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് തീരദേശ പാതയായ ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തുന്നത്. തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴിലെ എ കാറ്റഗറി സ്‌റ്റേഷനാണ് കായംകുളം. മാത്രമല്ല ആയിരക്കണക്കിനു യാത്രക്കാര്‍ പ്രതിദിനം എത്തുന്ന പ്രധാന സ്‌റ്റേഷനുമാണിത്. എന്നിട്ടും സ്‌റ്റേഷന്‍ അവഗണനയുടെ പാതയിലാണ്. വാഹനം സുരക്ഷിതമായി പാര്‍ക്കു ചെയ്യാന്‍ സംവിധാനമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു .

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ലാത്തതാണ് യാത്രക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കായംകുളം നിവാസികള്‍ മാത്രമല്ല പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള യാത്രക്കാരും കൂടുതലായി ആശ്രയിക്കുന്ന സ്‌റ്റേഷനാണിത്. ട്രെയിന്‍ ഗതി മാറി ഓടുന്ന ഇവിടെ നിന്നും കോട്ടയം ഭാഗത്തേക്കും ആലപ്പുഴ ഭാഗത്തേക്കും യാത്രചെയ്യാന്‍ സൗകര്യ മുള്ളതിനാലാണ് യാത്രക്കാര്‍ കൂടുതലായി ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. എന്നിട്ടും റെയില്‍വേ നിസംഗത തുടരുകയാണ്. പ്ലാറ്റ് ഫോം നിര്‍മാണം പൂര്‍ത്തിയായ അന്നുമുതല്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളില്‍ ഒന്നാണ് മേല്‍ക്കൂര നിര്‍മാണം. എന്നിട്ടും നടപടിക്കായി കാത്തിരിപ്പ് നീളുകയാണ്.

Related posts