പാലക്കാട്: ക്രമാതീതമായി ഉയരുന്ന ചൂടില്‍ പാലക്കാട് ജില്ലയിലെ അണക്കെട്ടുകളും വറ്റിവരളുന്നു. കുടിവെള്ള,കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രധാന അണക്കെട്ടുകളിലാണ് ജലനിരപ്പ് പാടെതാണ് ആശങ്കവിതയ്ക്കുന്നത്. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്ന മലമ്പുഴ അണക്കെട്ടില്‍ ആശങ്കജനകമാംവിധം ജലനിരപ്പ് താഴുകയാണ്. കടുത്ത ചൂടില്‍ ബാഷ്പീകരണതോത് വര്‍ധിച്ചതോടെ ഇന്നലെ മലമ്പുഴ അണക്കെട്ടില്‍ രേഖപ്പെടുത്തിയ ജലനിരപ്പ് 101.25 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 104.42 മീറ്ററായിരുന്നു ജലനിരപ്പ്. 115.06 മീറ്ററാണ് അണക്കെട്ടിലെ ജലസംഭരണശേഷി.
പാലക്കാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ജനങ്ങള്‍ കുടിവെള്ളത്തിന് പ്രധാനമായുംആശ്രയിക്കുന്നത് മലമ്പുഴയെയാണ്. കൂടാതെ വരണ്ടുകിടക്കുന്ന ഭാരതപ്പുഴയിലേക്കും ഇവിടെനിന്നാണ് വെള്ളം തുറന്നുവിടുന്നത്. രണ്ടുമാസത്തിനിടെ പലതവണവെള്ളം തുറന്നുവിട്ടിരുന്നു.എന്നാല്‍ ഇനി വെള്ളംതുറന്നുവിടാനാവില്ലെന്നുമാത്രമല്ല കുടിവെള്ളവിതരണത്തിനുതന്നെ നിയന്ത്രണമേര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് അധികൃതര്‍. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയതും മലമ്പുഴയിലാണ്. കഴിഞ്ഞദിവസം 41.9 ആയിരുന്നു താപനില. ഇന്നലത്തെ താപനില 41.6 ആണ്.
മലമ്പുഴയില്‍ ഈ സീസണില്‍ ഇതുവരെ 4.4 മില്ലീമീറ്റര്മഴമാത്രമേ ലഭിച്ചിട്ടുള്ളൂ.കഴിഞ്ഞവര്‍ഷം ഇത് 138.2 മില്ലീമീറ്ററായിരുന്നു. കാര്‍ഷികപദ്ധതികള്‍ക്കായി വിനിയോഗിക്കുന്ന വാളയാര്‍ അണക്കെട്ടിലും ജലനിരപ്പ് പാടെ താണു.18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള ഇവിടെ 3.16 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേയുള്ളു(191.91 മീറ്റര്‍). കരുതല്‍ ശേഖരത്തിലാണ് ജലനിരപ്പ് എത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം193.13 ആയിരുന്നു ജലനിരപ്പ്. ചിറ്റൂര്‍പുഴ പദ്ധതിയുടെ കീഴിലാണ് വാളയാര്‍ അണക്കെട്ടുള്ളത്. ഇതേ പദ്ധതിക്കുകീഴിലുള്ള മീങ്കര, ചുള്ളിയാര്‍ അണക്കെട്ടുകളിലും ജലനിരപ്പ് കുറഞ്ഞു.
11.30 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മീങ്കര ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 1.455 ദശലക്ഷംഘനയടിമാത്രമാണ്. കഴിഞ്ഞവര്‍ഷം ഇത് 2.633 ആയിരുന്നു.13.70 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കരുതല്ശേഖരത്തിലും താഴെയെത്തി. 0.71 ദശലക്ഷം ആണ് ഇന്നലത്തെ ജലനിരപ്പ്.108.204 മീറ്റര്‍ പരമാവധി ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടില്‍ ഇന്നലെ രേഖപ്പെടുത്തിയത് 93.046 മീറ്റര്‍ ജലനിരപ്പാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 94.412 ആയിരുന്നു ഇത്.
മണ്ണാര്‍ക്കാട്ടെ വലിയ ജലസേചനപദ്ധതിയായ കാഞ്ഞിരപ്പുഴ അണക്കെട്ടും വരളുകയാണ്. 59.50 മില്ല്യണ്‍ മീറ്റര്‍ ക്യൂബ് സംഭരണശേഷിയുള്ള അണക്കെട്ടില്‍ 82.9 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമയം 87.2 മീറ്ററായിരുന്നു ജലനിരപ്പ്. വേനല്‍മഴയുടെ അഭാവമാണ് അണക്കെട്ടിന്റെ വരള്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നത്. മഗലംഡാം അണക്കെട്ടില്‍ 70.110 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 67.510 മീറ്ററായിരുന്നു. 77.88 മീറ്ററാണ് പരമാവധി ജലസംഭരണശേഷി.