മാഞ്ചസ്റ്റര്‍: വാന്‍ ഗാലിനെ പുറത്താക്കിയ ഒഴിവിലേക്ക് സാക്ഷാല്‍ ഹൊസെ മൗറീഞ്ഞോ എത്തുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന് ഇനി പോര്‍ച്ചുഗലിന്റെ ലോകോത്തര കോച്ച് മൗറീഞ്ഞോ. ചെല്‍സിയില്‍നിന്നു ഡിസംബറില്‍ പുറത്താക്കപ്പെട്ട മൗറീഞ്ഞോയെ മൂന്നു വര്‍ഷത്തെ കരാറിനാണ് മാഞ്ചസ്റ്റര്‍ ടീം എടുത്തിരിക്കുന്നത്. ഇന്നലെയാണ് മൗറീഞ്ഞോ പരിശീലകനായെന്ന വിവരം ക്ലബ് അധികൃതര്‍ വെളിപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാവുക എന്നത് തന്റെ ചിരകാല സ്വപ്നമാണെന്ന് മൗറീഞ്ഞോ പലപ്പോഴും പറഞ്ഞിരുന്നു. വാന്‍ഗാലിനെ പുറത്താക്കി തന്നെ പരിശീലകനാക്കുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു എന്നു വേണം കരുതാന്‍.
എന്നാല്‍, എഫ്എ കപ്പ് നേടിയതിനു ശേഷം 48 മണിക്കൂര്‍പോലും കഴിയും മുമ്പ് തന്നെ പുറത്താക്കിയതില്‍ നിരാശയുണെ്ടന്ന് വാന്‍ഗാല്‍ പറഞ്ഞു.മൗറീഞ്ഞോ ഇന്നലെ മാഞ്ചസ്റ്ററിലെത്തിയിട്ടുണ്ട്. ഇന്നുതന്നെ പരിശീലകനായി സ്ഥാനമേറ്റെടുക്കുമെന്നാണു റിപ്പോര്‍ട്ട്്. വിവിധ ടീമുകളുടെ പരിശീലകനായിരുന്ന മൗറീഞ്ഞോ 21 പ്രധാന ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നു പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവുമുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ സര്‍വഥാ യോഗ്യനാണ് മൗറീഞ്ഞോയെന്ന് ഗോള്‍ കീപ്പര്‍ പീറ്റര്‍ സ്കിമൈക്കിള് പറഞ്ഞു. 2004 ചാമ്പ്യന്‍സ് ലീഗില്‍ സാക്ഷാല്‍ അലക്സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ ടീമിനെ പരാജയപ്പെടുത്തിയ എഫ്സി പോര്‍ട്ടോയുടെ പരിശീലകനായിരുന്നു മൗറീഞ്ഞോ.2013ല്‍ സര് അലക്സ് ഫെര്ഗൂസന് പിന്‍വാങ്ങിയ ശേഷം മാഞ്ചസ്റ്ററിന്റെ പരിശീലകരായവര്ക്കൊക്കെ തിരിച്ചടിയായിരുന്നു ഫലം. ഡേവിഡ് മോയസും വാന്ഗാലുമാണ് പിന്നീടെത്തിയ പരിശീലകര്‍. ഇരുവരും തികഞ്ഞ പരാജയമായി.
പുതിയ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പല ടീമും പരിശീലകരെ മാറ്റി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി എത്തുന്നത് ബയേണ്‍, ബാഴ്സ പരിശീലകനായിരുന്ന പെപ് ഗാര്‍ഡിയോളയാണ്. മൗറീഞ്ഞോ റയലിന്റെ പരിശീലകനായിരുന്നപ്പോഴായിരുന്നു ബദ്ധശത്രുക്കളായ ബാഴ്സയുടെ പരിശീലകനായി ഗാര്ഡിയോളയെത്തുന്നത്. അന്ന് ഇരുടീമും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നില്‍ മാത്രമാണ് റയലിനു ജയിക്കാനായത്.
അതേ സ്ഥിതി അടുത്ത സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കാണാനാകും. ജൂലൈ 25നാണ് സീസണു മുന്നോടിയായുള്ള ചാമ്പ്യന്‍സ് കപ്പില്‍ ഗാര്‍ഡിയോളയുടെ സിറ്റിയും മൗറീഞ്ഞോയുടെ യുണൈറ്റഡും ബെയ്ജിംഗില്‍ ഏറ്റുമുട്ടുന്നത്. മൗറീഞ്ഞോ മാഞ്ചസ്റ്ററിലെത്തുമ്പോള്‍ ഒരുപിടി മികച്ച താരങ്ങളും എത്തുമെന്നാണു കരുതുന്നത്. പാരീ സാന്‍ ഷാര്‍മെയ്ന്റെ സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച്, സ്പോര്‍ട്ടിംഗ് ലിസ്ബണിന്റെ യാവോ മാരിയോ, എവര്ടണ് ഡിഫന്‍ഡര്‍ ജോണ്‍ സ്റ്റോണ്‍സ്, ചെല്‍സി മിഡ്ഫീല്‍ഡര്‍ നെമാന്‍ജ മാറ്റിക്, അത്ലറ്റിക്കോ മാഡ്രിഡ് ഫോര്‍വേഡ് ആന്റണി ഗ്രീസ്മാന് എന്നിവരുമായി മൗറീഞ്ഞോ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞു.