കൊച്ചി: എറണാകുളം തമ്മനത്ത് ജല അഥോറിറ്റിയുടെ കൂറ്റന് കുടിവെള്ള ടാങ്ക് തകര്ന്നു. പ്രദേശത്ത് വന് നാശനഷ്ടം. നഗരസഭയുടെ 45 ാം ഡിവിഷനിലെ 1.38 കോടി ലിറ്റര് വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് ഇന്ന് പുലര്ച്ചെ മൂന്നരയ്ക്കു തകര്ന്നത്.
രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില് ഒരു ക്യാബിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്ന്നു പോയത്. കാലപ്പഴക്കം മൂലമാണ് വാട്ടര് ടാങ്ക് തകര്ന്നതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടക്കുമ്പോള് 1.10 കോടി ലിറ്റര് വെള്ളമായിരുന്നു ടാങ്കില് ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില് വെള്ളം പുറത്തേക്കൊഴുകി. വെള്ളത്തിന്റെ കുത്തൊഴുക്കില് സമീപത്തെ വീടുകളില് വെള്ളം കയറി. എട്ടു വീടുകളുടെ ചുറ്റുമതില് ഇടിഞ്ഞു വീണു. വാഹനങ്ങളും റോഡുകളും വെള്ളത്തിലായി. സംഭവത്തില് ആര്ക്കും പരിക്കില്ല. 50 വര്ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്ന്നത്.
പുലര്ച്ചെയായതിനാല് ആളുകള് അപകടം അറിയാന് വൈകിയത് ദുരിതം ഇരട്ടിയാക്കി. മഴ പെയ്ത് വെള്ളം കയറി എന്നാണ് പ്രദേശ വാസികള് ആദ്യം കരുതിയത്. പിന്നീടാണ് ടാങ്ക് തകര്ന്നതാണ് എന്നു മനസിലായത്.
സ്ഥലത്ത് വാട്ടര് അഥോറിറ്റി ഉദ്യോഗസ്ഥര് എത്തി പരിശോധന തുടരുകയാണ്. ഉമ തോമസ് എംഎല്എ സ്ഥലത്തെത്തി സ്ഥിതിഗതികള് വിലയിരുത്തി. മന്ത്രി റോഷി അഗസ്റ്റിന് ഇന്ന് സംഭവസ്ഥലം സന്ദര്ശിക്കുന്നുണ്ട്.
30 ശതമാനം കുടിവെള്ളവിതരണം തടസപ്പെടും
കൊച്ചി നഗരത്തില് 30 ശതമാനം കുടിവെള്ള വിതരണം ഇന്ന് തടസപ്പെടും. 24 മണിക്കൂറും പമ്പിംഗ് നടക്കുന്ന പമ്പിംഗ് സ്റ്റേഷനാണിത്.
നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത് ഇവിടെ നിന്നാണ്. തമ്മനം, കടവന്ത്ര, വൈറ്റില, കലൂര്, പനമ്പിള്ളിനഗര്, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാവും മുടങ്ങുക.

