കോഴിക്കോട്: രൂപഘടനയില്‍ മാറ്റം വരുത്തിയ ബൈക്കുകളില്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞാല്‍ ട്രാഫിക് പോലീസിന്റെ പിടിവീഴും. ഇത്തരം ബൈക്കുകള്‍ ഉപയോഗിച്ച് യുവസംഘങ്ങള്‍ ബീച്ച് റോഡിലും മറ്റും റേസിംഗ് നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിന്‍ഭാഗം ഉയര്‍ന്ന നിലയിലുള്ള സ്പോര്‍ട്സ് ബൈക്കുകളാണ് സമീപകാലത്തെ മിക്ക അപകടങ്ങളിലും ഉള്‍പ്പെട്ടതെന്നു പോലീസിന്റെ കണക്കുകളും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ബൈക്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.
അപകടകരമാംവിധം ബൈക്കില്കുതിക്കുന്നവരെ പിടികൂടിയാല്‍ അപ്പോള്‍ തന്നെ പിഴ അടച്ചു ഇവര്‍ക്കു രക്ഷപ്പെടാമായിരുന്നു. ഇനി മുതല്‍ ഇതു സാധ്യമാകില്ല. പിടികൂടുന്ന ബൈക്കുകളുടെ രേഖകള്‍ കോടതിയിലേക്ക് അയക്കും. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഇത്തരത്തിലുള്ള ഏതാനും ബൈക്കുകള്‍ പിടികൂടി ഇവയുടെ രേഖകള്‍ കോടതിയിലേക്കയച്ചു.
വരും ദിവസങ്ങളില്‍ നടപടി ശക്തമാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. മേല്പാലങ്ങള്, പാലങ്ങള്‍ എന്നിവിടങ്ങളിലെ ഓവര്‍ടേക്കിംഗിനെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ഇവിടങ്ങളിലെ റോഡിനു നടുവിലെ ലൈന്‍ മുറിച്ചുകടക്കുന്നവരുടെ വിശദാംശങ്ങളും കോടതിയിലേക്ക് അയക്കും.