റാന്നി: ചെമ്പന്മുടിമലയിലെ പാറഖനനം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ആര്. ഗിരിജ അറിയിച്ചു. ഇന്നലെ കളക്ടറേറ്റില്‍ പാറമട ഉടമയും സമരസമിതി നേതാക്കളും തമ്മില്‍ ചര്‍ച്ചയേ തുടര്‍ന്നാണ് മണിമലേത്ത് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവു നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചത്.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാറഖനനത്തിന് ആധാരമായി ഉടമയ്ക്ക് ലഭിച്ചിട്ടുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതിപത്രങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയേ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ പാറമടയില്‍ പൊട്ടിച്ചിട്ടുള്ള കല്ലുകള്‍ പുറത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കും.
500 ലോഡ് പാറക്കല്ലുകള്‍ കൊണ്ടുപോകാനാണ് തീരുമാനം. ഇതില്‍ നാല് ലോഡുകള്‍ കഴിഞ്ഞ 28ന് ഉടമ പുറത്തേക്കു കൊണ്ടുപോയതിനാല്‍ അവശേഷിക്കുന്ന 496 ലോഡുകള്‍ കൊണ്ടുപോകാനാണ് നിര്‍ദേശം. പാറ ലോഡ് കൊണ്ടുപോകുന്നതിന് ഓണാവധി കഴിഞ്ഞ് 20 ദിവസങ്ങള്‍ അനുവദിക്കും. പ്രതിദിനം 25 ലോഡുകള്‍ മാത്രമേ പാറമടയില്‍ നിന്നും നീക്കാന്‍ അനുവദിക്കൂ. കോടതി ഉത്തരവുള്ളതിനാല്‍ പൊട്ടിച്ച കല്ലുകള്‍ നീക്കം ചെയ്യുന്നതിന് സമരമസമിതി പ്രവര്‍ത്തകര്‍ സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. പഞ്ചായത്ത് പടിക്കലെ റിലേ സത്യഗ്രഹം അടക്കമുള്ള സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി പാറഖനനത്തിന് കഴിഞ്ഞ ജൂലൈ ഏഴിന് മണിമലേത്ത് പാറമട ഉടമയ്ക്ക് അനുമതി നല്‍കിയതെന്ന വാദം ചര്‍ച്ചയില്‍ തള്ളപ്പെട്ടു. അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന പേരിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഭരണസമിതി അംഗീകാരം നല്‍കിയത്. എന്നാല്‍ കോടതി ഉത്തരവില്‍ പാറമടയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന തരത്തില്‍ ഒരു പരാമര്‍ശവുമില്ലെന്ന് ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടെ റവന്യു അധികൃതര്‍ക്കു ബോധ്യപ്പെട്ടു.
പാറമടയിലെ പൊട്ടിച്ച കല്ല് നീക്കം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരുന്നത്. തുടര്‍ന്നാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത്.പാറമട വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്നും ഓണാവധിക്കുശേഷം താന്‍ നേരിട്ടു ചെമ്പന്മുടിമല സന്ദര്‍ശിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടന്ന ചര്‍ച്ചയില്‍ ഇരുഭാഗങ്ങളുടെയും വാദങ്ങളും ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങളും കേട്ടശേഷം 18 ഇന നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
കളക്ടറെ കൂടാതെ തിരുവല്ല ആര്‍ഡിഒ ജെ. ഷീലാദേവി, എഡിഎം സജീവ് , റാന്നി തഹസീല്‍ദാര്‍ ഷംസുദീന്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, റാന്നി സിഐ എസ്. ന്യൂമാന്‍ തുടങ്ങിയവരും സമരസമിതിയെ പ്രതിനിധീകരിച്ച് കലഞ്ഞൂര്‍ സന്തോഷ്, ഷാജി പതാലില്‍, സജി കൊട്ടാരം, പ്രിന്‍സ് ജോസ്, ദിലീപ് കൊല്ലമുള, എന്നിവരും പാറമട ഉടമസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഓണത്തെ വരവേറ്റ് 300 കുട്ടികളുടെ തിരുവാതിര
പത്തനംതിട്ട: മേരിമാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ 15-ാം വാര്‍ഷികത്തിനു തുടക്കംകുറിച്ച് ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മെഗാതിരുവാതിരയില്‍ മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 300 ഓളം പെണ്‍കുട്ടികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന തിരുവാതിരയാണ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായത്. പരിശീലനത്തിലൂടെ സിദ്ധിച്ച ചുവടുവയ്പുകള്‍ ഏറെ ആകര്‍ഷണീയവുമായി. തുടര്‍ന്നു നടന്ന സമ്മേളനം എംഎസിടി സെഷന്‍സ് ജഡ്ജി എസ്.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റോയി മാത്യു റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിനയഗ്രേസ് പ്രസംഗിച്ചു.