വാഴക്കുല വിപണി സജീവമായി, കര്‍ഷകര്‍ക്ക് ആശ്വാസം

alp-kolaപത്തനംതിട്ട: ഓണം അടുത്തതോടെ വാഴക്കുല വിപണി സജീവമായി. മെച്ചപ്പെട്ട വില ലഭ്യമായതോടെ കര്‍ഷകര്‍ക്കും ആശ്വാസമായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വാഴക്കുല വിപണി ഇക്കുറി മെച്ചപ്പെട്ട നിലയിലാണ്. നാടന്‍ എത്തക്കുലയ്ക്ക് ന്യായമായ വില ഇക്കുറി കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്. കിലോഗ്രാമിന് 60 രൂപ മുകളിലേക്കാണ് മൊത്തവില. വിപണിയില്‍നിന്ന് ഏത്തക്കായ വാങ്ങണമെങ്കില്‍ കിലോഗ്രാമിന് 80 രൂപ നല്‍കണം. ഹോര്‍ട്ടി കള്‍ച്ചറും സഹകരണ സംഘവും ഓണം വിപണിയില്‍ ഇടപെട്ട് ഏത്തക്കുല വ്യാപാരം തുടങ്ങിയാല്‍ പൊതുവിപണിയില്‍ അല്പം വില കുറഞ്ഞേക്കാം.

വില കൂടുതലുണ്ടെങ്കിലും ഓണക്കാലത്തേക്കാവശ്യമായ നാടന്‍ ഏത്തക്കുലകള്‍ ഉത്പാദിപ്പിക്കാനായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം കൃഷിയെ ബാധിച്ചിട്ടുണ്ട്. കാലവര്‍ഷത്തിനിടെയിലെ നഷ്ടം ഇക്കുറി കാര്യമായുണ്ടായില്ലെന്നതാണ് നേട്ടം. വിളവെത്തിയ ഏത്തക്കുലകള്‍ക്കു ന്യായവില ലഭിച്ചുതുടങ്ങിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസമായി. കൃഷിയിടങ്ങളില്‍ നിന്ന് കിലോഗ്രാമിന് 55 രൂപ മുകളിലേക്ക് ഏത്തക്കുല എടുക്കുന്നുണ്ട്.

മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ 60-70 രൂപവരെ ലഭ്യമാകും. ഓണത്തോടനുബന്ധിച്ച് ഏറ്റവുമധികം ആവശ്യക്കാരെത്തുന്നത് ഏത്തക്കുലയ്ക്കാണ്. ഇതറിഞ്ഞുകൊണ്ടുതന്നെ വിപണിയില്‍ വില കൂട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്നു നേരിട്ട് ഏത്തക്കുല ശേഖരിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വര്‍ധിച്ചതോടെ പൊതുവിപണിയിലെ വില പിടിച്ചു നിര്‍ത്താനാകും. എന്നാല്‍ പൊതുവിപണിയില്‍ കിലോഗ്രാമിന് അടുത്തദിവസങ്ങളില്‍ വില ഉയരാനിടയുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും വയനാട്ടില്‍ നിന്നുമൊക്കെ ഏത്തക്കുലകള്‍ ഈ ദിവസങ്ങളില്‍ വിപണിയിലെത്തും.

Related posts