വടകര: ചോമ്പാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വന്‍ കവര്‍ച്ച. കോറോത്ത് റോഡിനു സമീപം വീട് കുത്തിത്തുറന്ന് 35 പവന് സ്വര്‍ണാഭരണം കവര്‍ന്നു. കുനിയില്‍ ആനന്ദ് സോപാനം സന്തോഷ്കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ പെട്ടിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. അലമാരയും മറ്റും പൊളിച്ച നിലയിലാണ്. സന്തോഷ്കുമാര്‍ ഗള്‍ഫിലാണ്.
ഇക്കഴിഞ്ഞ അഞ്ചിന് ഇദ്ദേഹത്തിന്റെ ഭാര്യ പ്രമീളയും മക്കളും വീട് പൂട്ടി പ്രമീളയുടെ നാടായ കൈനാട്ടിയില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് കളവു നടന്നതറിയുന്നത്. കോറോത്ത് റോഡിലും പരിസരത്തും പലപ്പോഴായി വന്കളവ് നടന്നിട്ടുണ്ട്. ഇതിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ഇതിനിടയില്‍ വീണ്ടും കവര്‍ച്ച നടന്നത് നാട്ടുകാരെ നടുക്കിയിരിക്കുകയാണ്. ഇത്രയേറെ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി.ചോമ്പാല പോലീസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.