ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍: മലയാളി സിആര്‍പിഎഫ് ജവാന്‍ മരിച്ചു

bsfഅമരവിള: ഛത്തീസ്ഗഡില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. ബാലരാമപുരം വാറുവിളാകത്ത് പുതുവല്‍ പുത്തന്‍വിട്ടില്‍ ലെജു (24) ആണ് ഛത്തീസ്ഗഡിലെ സുഗ്മ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

ലെജു കഴിഞ്ഞ ചൊവ്വാഴ്ച അമ്മ സുലോചനയെ വിളിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു പോവുകയാണെന്നും പ്രാര്‍ഥിക്കണമെന്നും പറഞ്ഞിരുന്നു. ഇന്നലെ രാവിലെ പത്തു മണിയോടെ മലയാളി കൂടിയായ സിആര്‍പി എഫ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ ചത്തീസ്ഗഡില്‍ നിന്നു മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴു മാസമായി സിആര്‍പിഎഫിലെ കമാന്‍ഡോ യൂണിറ്റില്‍ ജോലി ചെയ്യുന്ന ലെജു നാലു വര്‍ഷം ശ്രീനഗറിലും ജോലി ചെയ്തിട്ടുണ്ട്.

ഇന്നു മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. നാട്ടിലെത്തിക്കുന്ന മൃതദേഹം പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാമ്പിലും ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും പൊതുദര്‍ശനത്തിനു വയ്ക്കും.

ബിരുദ വിദ്യാര്‍ഥിയായ ലെജു ഏപ്രിലില്‍ അവസാനവര്‍ഷ പരീക്ഷ എഴുതാനായി വരാനിരിക്കയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചുപോയ നിര്‍ധനകുടുംബാംഗമായ ലെജുവിനെ നെയ്ത്തു തൊഴിലാളിയായ അമ്മ സുലോചന കഷ്ടപ്പെട്ടാണു പഠിപ്പിച്ചിരുന്നത്.

Related posts