തൃശൂര്‍: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയുടെ ഭരണം കോര്‍പറേഷന്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് കോര്‍പറേഷന്‍ ആശുപത്രിയുടെ നടത്തിപ്പുചുമതല ഏറ്റെടുത്തത്. ഇന്നു രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ സര്‍ക്കാര്‍ ഉത്തരവ് മേയര്‍ അജിത ജയരാജനു കൈമാറി.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എല്‍. റോസി, അജിത വിജയന്‍, ജേക്കബ് പുലിക്കോട്ടില്‍, അഡ്വ. എം.പി.ശ്രീനിവാസന്‍, എം.ആര്‍.റോസിലി, പി.സുകുമാരന്‍, വത്സല ബാബുരാജ്, പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ.മുകുന്ദന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സുഹിത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഈ കെട്ടിടത്തില്‍നിന്നു മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയതോടെയാണ് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്താണ് ജില്ലാ ആശുപത്രിയുടെ ഭരണ ചുമതല നിര്‍വഹിച്ചിരുന്നത്. പിന്നീട് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതോടെ ഭരണ ചുമതല വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ജനറല്‍ ആശുപത്രിയുടെ ചുമതല കോര്‍പറേഷനു ലഭിച്ചതോടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.