ബെര്‍ലിന്‍: ജര്‍മനിയില്‍ വരുമാനത്തിന്റെ കാര്യത്തിലുള്ള അസമത്വം പെരുകി വരുകയാണെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
രാജ്യം സാമ്പത്തിക വളര്‍ച്ച തുടരുക തന്നെയാണെങ്കിലും ഏറ്റവും കുറഞ്ഞ വരുമാനക്കാരുടെ പക്കല്‍ ഇപ്പോള്‍ 15 വര്‍ഷം മുന്‍പുള്ളതിനെ അപേക്ഷിച്ച് പണം കുറവാണെന്നാണ് ഗവേഷണ ഫലം വ്യക്തമായിരിക്കുന്നത്.
2000 മുതലുള്ള കണക്കുകളാണ് ഇതില്‍ പരിഗണിച്ചിരിക്കുന്നത്. 2000ത്തില്‍, ലോകത്തു തന്നെ വരുമാന അസമത്വം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായിരുന്നു ജര്‍മനി. ഇപ്പോള്‍, ചെക്ക് റിപ്പബ്ലിക്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ജര്‍മനിയിലേതിനെക്കാള്‍ കുറവാണ് അസമത്വം.
അതേസമയം, പ്രോഗ്രസീവ് ടാക്‌സ് സംവിധാനം പിന്തുടരുന്നതിനാല്‍ ജര്‍മനി ഇപ്പോഴും വരുമാന അസമത്വത്തില്‍ ഭൂരിപക്ഷം ലോകരാജ്യങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍