ജാഗ്രതൈ… വ്യാജ ജൈവപച്ചക്കറിയും വിപണിയില്‍

knr-cheeraതളിപ്പറമ്പ്: വ്യാജ ജൈവപച്ചക്കറി വില്‍പനക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ നിന്നും ഇന്നലെ വാങ്ങിയ ജൈവ ചീര കഴുകിയപ്പോള്‍ ലഭിച്ചത് ചുവന്ന നിറമുള്ള വെള്ളം. ഇത് മറിച്ചുകളഞ്ഞ് വീണ്ടും കഴുകിയപ്പോഴും ലഭിച്ചത് ഇതേ കളറുള്ള വെള്ളം തന്നെ. കുപ്പിയില്‍ ശേഖരിച്ച ഈ വെള്ളം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കടുത്ത ദുര്‍ഗന്ധമുള്ളതായി മാറി. കൂവോട് സ്വദേശി കെ.വി. പങ്കജാക്ഷനാണ് ഇന്നലെ വൈകുന്നേരം 40 രൂപ നല്‍കി മാര്‍ക്കറ്റ് റോഡില്‍ നിന്നും ജൈവപച്ചക്കറിയെന്ന് പ്രചാരണം നടത്തി വിറ്റ ചീര വാങ്ങിയത്.

അപകടകരമായ എന്തോ കീടനാശിനി ഇതില്‍ തെളിച്ചതാണ് കളര്‍ വെള്ളവും ദുര്‍ഗന്ധവും ഉണ്ടാവാന്‍ കാരണമെന്ന് സംശയിക്കുന്നതായി പങ്കജാക്ഷന്‍ കൃഷി വകുപ്പ് അധികൃതര്‍ക്കും നഗരസഭാ ആരോഗ്യ വിഭാഗത്തിനും നല്‍കിയ പരാതിയില്‍ പറയുന്നു. ജൈവ പച്ചക്കറിക്ക് പ്രചാരമേറിയത് മുതലെടുത്ത് നാടിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ ജൈവ രീതിയില്‍ ഉത്പ്പാദിപ്പിച്ചതെന്ന പേരില്‍ പച്ചക്കറികള്‍ വിറ്റഴിക്കുന്നുണ്ട്. ഇതില്‍ പലതും പൊതുമാര്‍ക്കറ്റില്‍ നിന്ന് വാങ്ങി വിലകൂട്ടി വില്‍ക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

കൃഷി വകുപ്പിന്റെ ചില വില്‍പന കേന്ദ്രങ്ങളില്‍ കൂടി ഇത്തരത്തില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. കേരളത്തില്‍ ഉത്പ്പാദിപ്പിക്കപെടാത്ത ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉള്ളി എന്നിവ ഇവിടെ വിറ്റഴിക്കുന്നുണ്ട്. എവിടെയാണ് ഇത് നിങ്ങള്‍ ജൈവ രീതിയില്‍ ഉത്പ്പാദിപ്പിച്ചെടുക്കുന്നതെന്ന് ചോദിച്ചാല്‍ ജൈവ പച്ചക്കറികള്‍ വാങ്ങാന്‍ വരുന്ന ഉപഭോക്താക്കളെ സഹായിക്കാനാണെന്നാണ് മറുപടി.

ജൈവം എന്ന പേരിട്ടാല്‍ പറഞ്ഞ തുക നല്‍കി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമെന്നത് വ്യക്തമായതോടെ നിരവധി കള്ളനാണയങ്ങള്‍ കടന്നുകൂടിയതായി കൃഷി വകുപ്പ് തന്നെ സംശയിക്കുന്നുണ്ട്. ജൈവ പച്ചക്കറി വിപണന സ്റ്റാളുകള്‍ക്ക് അംഗീകൃത നിയന്ത്രണങ്ങളും ലേബലും ഏര്‍പ്പെടുത്തി വ്യാജന്‍മാരെ ഒഴിവാക്കാന്‍ നടപടികള്‍ സ്വികരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related posts