ചേരാനല്ലൂര്‍: ജാതിക്ക വിപണി വിളവെടുപ്പ് കാലത്തുണ്ടായ വിലത്തകര്‍ച്ചമൂലം ജാതികര്‍ഷകര്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നു. കൊതുകുശല്യം മൂലമുള്ള ഡെങ്കിപ്പനിയെയും കനത്ത മഴയെയും അവഗണിച്ച് കര്‍ഷകര്‍ സംഭരിക്കുന്ന ജാതിക്ക കര്‍ഷകര്‍ക്ക് സൂക്ഷിക്കാന്‍ സാധിക്കാത്തതും, അതിനു പറ്റിയ മാര്‍ഗങ്ങള്‍ ഇല്ലാത്തതും വലിയ കച്ചവടക്കാര്‍ നന്നായി ചൂഷണം ചെയ്യുന്നു എന്നാണ് കര്‍ഷകരുടെ പരാതി. കാലാവസ്ഥ വ്യതിയാനം മൂലം ജാതിക്ക മൂപ്പെത്താത്തതും ഇല കൊഴിയുന്നതും മരം ഉണങ്ങി പോകുന്നതും കൂടിയായപ്പോള്‍ കര്‍ഷകര്‍ പരിഭ്രാന്തിയിലാണ്.
വന്‍കിട കച്ചവടക്കാര്‍ വിലത്തകര്ച്ചയെപ്പറ്റി പറയുന്നത് ഉത്പന്നത്തിനുള്ള ഗുണമേന്മ കുറവും ഈര്‍പ്പം മൂലമുള്ള ഫംഗസ് ബാധയുമാണെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വിലത്തകര്ച്ചയെപ്പറ്റി അന്വേഷണം നടത്തി കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നും കരകയറ്റുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചേരാനല്ലൂര്‍ യുവതരംഗം പുരുഷ സ്വയംസഹായ സംഘം ആവശ്യപ്പെട്ടു.