ജില്ലയിലേക്ക് വ്യാജചാരായവും കഞ്ചാവും ഒഴുകുന്നു

alp-kanchavuപത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് ലഹരി പകരാന്‍ ജില്ലയിലേക്ക് വ്യാജ ചാരായവും കഞ്ചാവും ഒഴുകുന്നു. ബാറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുകയും വിദേശ മദ്യശാലകളില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് വ്യാജ ചാരായ മാഫിയ സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി വിദേശമദ്യശാലകളില്‍ മദ്യത്തിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സ്‌റ്റോക്ക് കുറഞ്ഞതോടെ വിലക്കുറഞ്ഞ മദ്യം ലഭിക്കാറില്ല. ബിവറേജസ് കോര്‍പറേഷന്റെ മിക്ക ചില്ലറ വല്പനശാലകളും കാലിയായി തുടങ്ങിയിട്ടുണ്ട്. മദ്യത്തിന്റെ ക്ഷാമം മുന്നില്‍ കണ്ടാണ് കഞ്ചാവ് മാഫിയയും രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണ് ഇരുമാഫിയകളും പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യ മാഫിയ വേരുറപ്പിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തുന്നത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എക്‌സൈസ്, പോലീസ് അധികൃതര്‍ മൗനം പാലിക്കുന്നത് ഇത്തരം സംഘങ്ങളുടെ തഴച്ച് വളര്‍ച്ചക്ക് കാരണമാകുന്നു.കോന്നി, റാന്നി വനം ഡിവിഷനുകളിലെ ശബരിമല വനമേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലളിലാണ് വ്യാജ് ചാരായ മാഫിയ സജീവമായിരിക്കുന്നത്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വ്യാജമദ്യം ജില്ലാ ആസ്ഥാനം ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ വ്യാപകമായ രീതിയിലാണ് എത്തിക്കുന്നത്.

ശര്‍ക്കര വാറ്റി ചാരായം നിര്‍മിക്കുന്നവരും സ്പിരിറ്റ് കലര്‍ത്തി വ്യാജ മദ്യം വില്പന നടത്തുന്ന സംഘവുമാണ് തഴച്ച് വളരുന്നത്. നഗരങ്ങില്‍ നിന്ന് മാറി വനമേഖലയിലെ മലനിരകളും അടിവാരങ്ങളുമാണ് പ്രധാന ചാരായ ഉത്പാദന കേന്ദ്രങ്ങള്‍. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് പ്രദേശങ്ങളില്‍ മാത്രം അമ്പതോളം വ്യാജ ചാരായ ഉല്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് എക്‌സൈസിന്റെ കണക്ക്. റാന്നി വന മേഖലയിലെ അത്തിക്കയം, വെച്ചൂച്ചിറ, കൊച്ചുപമ്പ, വടശേരിക്കര എന്നിവിടങ്ങളിലും പ്രവര്‍ത്തനം സജ്ജീവമാണ്. വിവിധ കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന വ്യാജമദ്യം അതാതു പ്രദേശങ്ങള്‍ക്ക് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

വനാന്തരങ്ങള്‍ക്ക് പുറമെ നദികളിടെയും തോടുകളുടെയും തീരങ്ങളും ഇത്തരം സംഘങ്ങളുടെ സങ്കേതമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള വ്യാജ ചാരാങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.മദ്യത്തിന്റെ ക്ഷാമം നേരിട്ട് തുടങ്ങിയതോടെയാണ് കഞ്ചാവ് മാഫിയ രംഗത്ത് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ലഹരി പകരാന്‍ തമിഴ്‌നാട്, കര്‍ണ്ണാടക , കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വന്‍തോതിലാണ് കഞ്ചാവ് എത്തിയിരിക്കുന്നത്. ബസുകള്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന വാഹനങ്ങളിലും മറ്റുമാണ് കഞ്ചാവ് എത്തിക്കുന്നത്. ജില്ലയില്‍  എത്തിക്കുന്ന കഞ്ചാവ് വിവിധ പായ്ക്കറ്റുകളാക്കി  വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയാണ് പതിവ്.

Related posts